മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗത:  ഓട്ടവയില്‍  സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ബസ് ഡ്രൈവര്‍ പിടിയില്‍ 

By: 600002 On: May 5, 2022, 6:48 AM

 

ഓട്ടവയില്‍ സ്‌കൂള്‍ കുട്ടികളുമായി അമിതവേഗതയില്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ പോലീസ് പിടിയിലായി. സ്‌കൂള്‍ കുട്ടികളെയും കയറ്റി വേഗപരിധിയായ മണിക്കൂറില്‍ 40 കിലോമീറ്ററിനു മുകളില്‍ ഓടിച്ച ഇയാള്‍ക്കെതിരെ പോലീസ് സ്റ്റണ്ട് ഡ്രൈവിംഗിന് കേസെടുത്തതായാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ ലോറന്‍ഷ്യന്‍വാലി ടൗണ്‍ഷിപ്പിലെ മിക്‌സ്ബര്‍ഗ് റോഡിലൂടെ മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ പോവുകയായിരുന്ന ബസ് ഒപിപി ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ ഇയാളെ പിടികൂടി. ഡ്രൈവറുടെ ലൈസന്‍സ് 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുക്കയും സ്‌കൂള്‍ ബസ് രണ്ടാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ചെയ്തു. ബസിലുണ്ടായിരുന്ന കുട്ടികള്‍ക്ക് മറ്റൊരു വാഹനം യാത്രയ്ക്കായി ഏര്‍പ്പെടുത്തിക്കൊടുക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. 

ഹൈവേ ട്രാഫിക് ആക്ട് പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ റെയ്‌സിംഗ്, അമിതവേഗത എന്നീ കുറ്റങ്ങളാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെംബ്രോക്ക് പ്രൊവിന്‍ഷ്യല്‍ ഒഫന്‍സസ് കോടതിയില്‍ ഹാജരാകാന്‍ സമന്‍സും അയച്ചിട്ടുണ്ട്.