ബീസിയിലെ കറക്ഷന്‍ ഓഫീസറുടെ  കൊലപാതകം: ആളുമാറി വെടിവെച്ചതാകാമെന്ന് പോലീസ് 

By: 600002 On: May 5, 2022, 6:22 AM

 

ബീസിയില്‍ കഴിഞ്ഞ വര്‍ഷം വെടിയേറ്റ് മരിച്ച കറക്ഷന്‍ ഓഫീസര്‍ ബിക്രംദീപ് രണ്‍ധാവയുടെ കൊലപാതകം ആളുമാറി ചെയ്തതാണെന്ന് പോലീസ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ആക്രമണത്തില്‍ ഗുണ്ടയാണെന്ന് തെറ്റിദ്ധരിച്ചാണ് കറക്ഷന്‍ ഓഫീസര്‍ക്കു നേരെ മറ്റൊരു ഗുണ്ടാസംഘത്തിലെ ആളുകള്‍ നിറയൊഴിച്ചതെന്നും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

2021 മെയ് 1 ന് ഡെല്‍റ്റ വാള്‍മാര്‍ട്ടിന് പുറത്താണ് വെടിവെപ്പ് ഉണ്ടായത്. സംഭവ സമയത്ത് രണ്‍ധാവ ഓഫ് ഡ്യൂട്ടിയിലായിരുന്നു. ഇതായിരിക്കാം ആളുമാറി കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡെല്‍റ്റ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോവര്‍ മെയിന്‍ലാന്റില്‍ നടക്കുന്ന സംഘട്ടനവുമായി ബന്ധപ്പെട്ട ഗുണ്ടാ സംഘങ്ങളില്‍ ഒരാളെയാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നതെന്ന് പോലീസ് വിശദീകരിച്ചു. 

കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ അന്വേഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിലേക്കെത്തിച്ചേര്‍ന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെടിവെപ്പ് നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ മറ്റ് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.