84 വര്‍ഷം ഒറ്റക്കമ്പനിയില്‍ ജോലി; ഗിന്നസ് റെക്കോര്‍ഡിട്ട് 100 വയസുകാരന്‍ 

By: 600002 On: May 4, 2022, 1:07 PM


നമുക്കാര്‍ക്കും സാധിക്കാത്തൊരു നേട്ടത്തിനുടമയായിരിക്കുകയാണ് ബ്രസീലിലെ വാള്‍ട്ടര്‍ ഓര്‍ത്ത്മാന്‍. ഒരേ കമ്പനിയില്‍ 84 വര്‍ഷമാണ് അദ്ദേഹം ജോലി ചെയ്തത്. ഏറ്റവും നീണ്ട കാലം ഒരേ കമ്പനിയില്‍ ജോലി ചെയ്തതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും അദ്ദേഹം നേടി. 2022 ജനുവരി 6 ന് ലോകനേട്ടം സ്വന്തമാക്കുമ്പോള്‍ വാള്‍ട്ടര്‍ 84 വര്‍ഷവും ഒമ്പത് ദിവസവും അതേ കമ്പനിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 100 വയസ്സായി. 

വാള്‍ട്ടര്‍, ബ്രസീലിലെ സാന്താ കാറ്ററിനയിലെ Industrias Renaux SA എന്ന ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ഷിപ്പിംഗ് അസിസ്റ്റന്റായിട്ടാണ് ജോലി തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് 15 വയസാണ് പ്രായം. ബ്രസീലിലെ സാന്താ കാതറിനയിലെ ഒരു ചെറിയ പട്ടണമായ ബ്രൂസ്‌ക്വിലാണ് അദ്ദേഹം ജനിച്ചത്. സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കുടുംബത്തെ പിന്തുണക്കുന്നതിന് വേണ്ടി വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് ജോലിക്ക് പോകേണ്ടി വന്നു. പ്രസ്തുത കമ്പനിയില്‍ ജോലിക്ക് അദ്ദേഹത്തെ എടുക്കുന്നത് ജര്‍മ്മന്‍ ഭാഷയിലുള്ള അറിവ് കാരണമാണ്. 

ജോലിക്ക് കയറി അധികം വൈകാതെ തന്നെ അദ്ദേഹം സെയില്‍സിലേക്ക് പ്രോമോട്ട് ചെയ്യപ്പെട്ടു. അവിടെനിന്നും അധികം താമസിയാതെ സെയില്‍സ് മാനേജരായി. ഏപ്രില്‍ 19 നാണ് അദ്ദേഹത്തിന് 100 വയസ് തികഞ്ഞത്. സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു.