ബീസിയില്‍ വയര്‍ലെസ് എമര്‍ജെന്‍സി അലേര്‍ട്ടുകളുടെ ഉപയോഗം വിപുലപ്പെടുത്തുന്നതായി പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍. പ്രവിശ്യയിലുണ്ടാകുന്ന വെള്ളപ്പൊക്ക, കാട്ടുതീ ഭീഷണികള്‍ക്കെതിരെ നേരത്തെ ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി ജാഗ്രതയോടെയിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എമര്‍ജന്‍സി അലേര്‍ട്ടുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നത്.
പ്രവിശ്യയില്‍ വരാനിരിക്കുന്ന വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ സംബന്ധിച്ച് മുന്നറിയിപ്പുകളും വിവരങ്ങളും നല്‍കുന്നതിനിടെയാണ് പ്രീമിയര്‍ മൈക്ക് ഫാണ്‍വര്‍ത്ത് പ്രഖ്യാപനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകുന്ന ഫലങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം തങ്ങളുടെ പ്രവിശ്യ അപകടാവസ്ഥ നേരിടുകയാണെന്നും പ്രവിശ്യയിലെ കമ്യൂണിറ്റികളെ സുരക്ഷിതമാക്കാന്‍ അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും വിപുലീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ പൊതു സുരക്ഷ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്ന ദേശീയ സംവിധാനമായ 'അലേര്‍ട്ട് റെഡി' വഴിയാണ് അറിയിപ്പുകള്‍ വരുന്നത്. നിലവില്‍ സുനാമി മുന്നറിയിപ്പിനും ആംബര്‍ അലേര്‍ട്ടിനുമാണ് ഇത് ഉപയോഗിക്കുന്നത്.
ഈ അലേര്‍ട്ടിംഗ് സംവിധാനം വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഇപ്പോള്‍ മുതല്‍ ഉപയോഗിച്ചു തുടങ്ങാം. ജൂണ്‍ ആദ്യവാരത്തോടെ കാട്ടുതീ മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനം ഉപയോഗിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ബുധനാഴ്ച ജനങ്ങള്‍ക്ക് അവരുടെ മൊബൈല്‍ഫോണുകളില്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റേഡിയോകളിലും ടിവി ചാനലുകളിലും ജാഗ്രതാ നിര്‍ദേശം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കും.