നിയമവിരുദ്ധമായി സെക്യൂരിറ്റികള്‍ വിതരണം ചെയ്തു: ബീസി എക്‌സിക്യുട്ടീവിന് അര മില്യണ്‍ ഡോളര്‍ പിഴ ചുമത്തി 

By: 600002 On: May 4, 2022, 9:56 AM

 

സെക്യൂരിറ്റികള്‍ അനധികൃതമായി വിതരണം ചെയ്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മെട്രോ വാന്‍കുവര്‍ എക്‌സിക്യുട്ടീവിന് അര മില്യണ്‍ ഡോളര്‍ നല്‍കാന്‍ ബീസി സെക്യൂരിറ്റി കമ്മീഷന്‍(ബിസിഎസ്‌സി) ഉത്തരവിട്ടു. കൂടാതെ വിപണിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയിട്ടുമുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ ബിസിഎസ്‌സി വ്യക്തമാക്കി. 

ബിസിഎസ്‌സി പറയുന്നതനുസരിച്ച്, പെഗാസസ് എന്ന ഹൈടെക് ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്രസിഡന്റും ഡയറക്ടറുമായിരുന്ന വിന്റര്‍ ഹുവാങ്( ഡോങ് ഹുവാങ്) ആണ് ആരോപണവിധേയനായത്. കെയര്‍സെങ്(careseng) എന്ന മറ്റൊരു കമ്പനിയുടെ കൂടി ഡയറക്ടറായിരുന്നു ഹുവാങ്. ബിസിഎസ്‌സിയുടെ അവലോകനത്തിനു ശേഷം അഡ്മിനിസ്‌ട്രേറ്റീവ് പെനാല്‍റ്റിയാണ് ഹുവാങിന് ലഭിച്ചത്.  

ഹുവാങ് വഹിക്കുന്ന എല്ലാ പദവികളില്‍ നിന്നും രാജി വയ്ക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ആ പദവികള്‍ പിന്നീട് ഏറ്റെടുക്കുകയോ പ്രമോട്ടറായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് 10 വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. 

2010 നും 2012 നും ഇടയില്‍ തായ്‌വാനിലെ നിക്ഷേപകര്‍ക്കായി പെഗാസസ് ഏകദേശം 45 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന 1,400 ലധികം ബോണ്ടുകള്‍ വിതരണം ചെയ്തതായാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.