ബീസിയില്‍ കുറഞ്ഞ നിരക്കില്‍ സേവനം വാഗ്ദാനം ചെയ്യുന്ന എയര്‍ലൈന്‍ കമ്പനിയായ ലിങ്ക്‌സ് എയര്‍ തങ്ങളുടെ സര്‍വീസുകള്‍ വിപുലീകരിച്ചു. ഈയാഴ്ച മുതല്‍ കെലോനയില്‍ നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ ആദ്യ ഫ്‌ളൈറ്റ് പറന്നുതുടങ്ങി.
ഏപ്രില്‍ 7 നാണ് കാനഡയില്‍ ലിങ്ക്‌സ് എയര്‍ സേവനം ആരംഭിച്ചത്. ഉദ്ഘാടന വിമാനം കാല്‍ഗരിയില്‍ നിന്നും വാന്‍കുവറിലേക്കായിരുന്നു. ഒരു മാസത്തിനുള്ളില്‍ കമ്പനി പുതിയ സര്‍വീസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍, കെലോനയില്‍ നിന്ന് കാല്‍ഗരിയിലേക്ക് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും കെലോനയില്‍ നിന്ന് വാന്‍കൂവറിലേക്ക് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. ജൂണ്‍ 29 ഓടെ കാല്‍ഗരിയിലേക്കുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ മൂന്നായി വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.
പുതിയ സേവനം പ്രഖ്യാപിച്ചതിന്റെ ഭാഗമായി കെലോനയിലേക്കും തിരിച്ചുമുള്ള ഫ്‌ളൈറ്റുകള്‍ക്ക് അടിസ്ഥാന നിരക്കില്‍ 50 ശതമാനം വരെ ഓഫറുണ്ട്. മെയ് 4 ന് ഇതവസാനിക്കും.
ഈ റൂട്ടുകള്‍ കൂടാതെ വാന്‍കുവറിനും വിന്നിപെഗിനും ഇടയിലും, വാന്‍കുവറിനും ടൊറന്റോയ്ക്കിടയിലും വിക്ടോറിയയ്ക്കും കാല്‍ഗരിയ്ക്കിടയിലും ലിങ്ക്‌സ് എയര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.