ഒന്റാരിയോയിലെ സ്‌റ്റെല്ലാന്റിസ് പ്ലാന്റ് റീടൂള്‍ ചെയ്യാന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഫെഡറല്‍ ഗവണ്‍മെന്റ് 

By: 600002 On: May 4, 2022, 6:33 AM

 

 

കാനഡയിലെ ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയ്ക്ക് പ്രോത്സാഹനമായി രാജ്യം നിരവധി നിക്ഷേപങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ വാഹന നിര്‍മാണത്തിനാവശ്യമായ ബാറ്ററി സപ്ലൈ ചെയിനുകള്‍ക്കും ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങളെ നിന്നും പ്ലഗ്-ഇന്‍ വാഹനങ്ങളിലേക്ക് മാറ്റാനുമായി 13 ബില്യണ്‍ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ വാഗ്ദാനം ചെയ്ത 3.5 ബില്യണ്‍ ഡോളറിന്റെ മുകളിലാണിത്. സ്‌റ്റെല്ലാന്റിസ്, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഹോണ്ട, ടൊയോട്ട എന്നിവയുള്‍പ്പെടെയുള്ള പ്രധാന വാഹന നിര്‍മാണ പ്ലാന്റുകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. 

ഇപ്പോഴിതാ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഒന്റാരിയോയിലെ വിന്‍ഡ്‌സറിലും ബ്രാംപ്ടണിലുമുള്ള സ്റ്റെല്ലാന്റിസിന്റെ പ്ലാന്റുകളിലെ അസംബ്ലി ലൈനുകള്‍ നവീകരിക്കുന്നതിന് 3.6 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതായി അറിയിച്ചിരിക്കുകയാണ്. 

കാനഡ 529 മില്യണ്‍ ഡോളറും ഒന്റാരിയോ സര്‍ക്കാര്‍ 513 മില്യണ്‍ ഡോളറും ബാക്കിയുള്ള നിക്ഷേപം കമ്പനിയില്‍ നിന്നുമാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാറുകളും സാങ്കേതികവിദ്യയും നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള 45 ബില്യണ്‍ ആഗോള നിക്ഷേപത്തിന്റെ ഭാഗമാണിത്.