ഒന്റാരിയോ സനാതൻ കൾച്ചറൽ സെന്ററിൽ സർദാർ പട്ടേൽ പ്രതിമ അനാച്ഛാദനം ചെയ്തു.

By: 600084 On: May 3, 2022, 5:29 PM

News Written by, P.P Cherian, Dallas.

മാർക്കം (ഒന്റാരിയോ) : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ പ്രമുഖ നേതാക്കളിൽ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമ ഒന്റാരിയോ മാർക്കം സനാതൻ മന്ദിർ കൾച്ചറൽ സെന്ററിൽ അനാച്ഛാദനം ചെയ്തു.

മേയ് 1ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതോടനുബന്ധിച്ചു വിഡിയോ സന്ദേശം നൽകി.

ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണു സർദാർ പട്ടേലിന്റെ പ്രതിമ ഇവിടെ അനാച്ഛാദനം ചെയ്തതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു.

ഇന്ത്യൻ സംസ്ക്കാരത്തേയും ഇന്ത്യ ഉയർത്തി പിടിക്കുന്ന മൂല്യങ്ങളേയും ഇതിലൂടെ ഭാവിതലമുറക്ക് ചൂണ്ടി കാണിക്കാൻ കഴിയട്ടെ എന്നും മോദി ആശംസിച്ചു.

ഇന്ത്യൻ ജനത ലോകത്തിന്റെ ഏതു ഭാഗത്തു ജീവിച്ചാലും എത്ര തലമുറകൾ മാറി വന്നാലും ഇന്ത്യയോടുള്ള വിശ്വസ്തതയ്ക്ക് ഒരിക്കലും ഭംഗം വരികയില്ലെന്നും മോദി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിൽ സോമനാഥ ക്ഷേത്രം പട്ടേൽ പുനഃസ്ഥാപിച്ചത് എത്ര വർഷങ്ങൾ കഴിഞ്ഞാലും വിസ്മരിക്കപ്പെടുകയില്ലെന്നും മോദി ചൂണ്ടിക്കാട്ടി. ആസാദി കാ അമൃത് മഹോത്സവ്, ഗുജറാത്ത് ഡേയിൽ സർദാർ വിഭാവനം ചെയ്ത പുതിയ ഇന്ത്യക്കു വേണ്ടി പ്രവർത്തിക്കുന്നതിനു പ്രതിജ്ഞയെടുക്കണമെന്നും മോദി അഭ്യർഥിച്ചു.