News Written by, P.P Cherian, Dallas.
കോർപസ് ക്രിസ്റ്റി : സ്നേക്ക് ഷോയുടെ ഇടയിൽ പാമ്പിന്റെ കടിയേറ്റു പരിശീലകൻ മരിച്ചു. ടെക്സസിൽ ഏപ്രിൽ 3ന് കെന്റൽ കൗണ്ടി ഫെയർ അസോസിയേഷൻ റാറ്റിൽ സ്നേക്ക് റൗണ്ട് അഫ് ഇവന്റിലാണു സംഭവം.
പാമ്പിനെ കുറിച്ചു വിശദീകരിക്കുന്നതിനിടയിൽ പരിശീലകൻ യൂജിൻ ഡി. ലിയോണിന്റെ തോളിൽ റാറ്റിൽ സ്നേക്ക് കടിക്കുകയായിരുന്നു. ഉടനെ കോർപസ് ക്രിസ്റ്റി ആശുപത്രിയിൽ പ്രവേശിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
യൂജിൻ ഡി. ലിയോൺ സീനിയർ പാമ്പിനെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതുതന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും സംഘാടകനായ ഫെയർ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. പാമ്പിനെ എവിടെ കണ്ടാലും യൂജിനെയായിരുന്നു സമീപ പ്രദേശത്തുള്ളവർ വിളിച്ചിരുന്നത്. യൂജിൻ പാമ്പിനെ വളരെ വിദഗ്ധമായി പിടിച്ചിരുന്നുവെന്നു സമീപ പ്രദേശങ്ങളിലുള്ളവർ പറഞ്ഞു.
ഫയർ ഡിപ്പാർട്ട്മെന്റിലെ ഒരംഗം കൂടിയായിരുന്നു യൂജിൻ. നിരവധി ടിവി ഷോകളിലും യൂജിൻ പാമ്പിനെ പ്രദർശിപ്പിക്കുകയും അവയുമായി അടുത്ത് ഇടപെടുകയും ചെയ്തിരുന്നു. ടെക്സസിൽ മാരക വിഷമുള്ള ചുരുക്കം ചില പാമ്പുകളിൽ പ്രധാനപ്പെട്ടതാണ് റാറ്റിൽ സ്നേക്ക്. പാമ്പുകൾ യൂജിന്റെ ഒരു പാഷനായിരുന്നുവെന്നും നിരവധി വർഷമായി യൂജിൻ ഇതിൽ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും സഹോദരി സാക്ഷ്യപ്പെടുത്തി.