രാജ്യത്തെ ടോള്‍ പിരിവ് രീതി പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തികൊണ്ടുള്ള പരിഷ്‌ക്കാരമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴിയാകും പുതിയ ടോള്‍ പിരിവ്. ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങി.
പുതിയ പരിഷ്‌ക്കരണം നിലവില്‍ വന്നാല്‍ ഫാസ്റ്റ്ടാഗ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ഈടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോള്‍ തുക ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ജി.പി.എസ് ഉപയോഗിച്ചായിരിക്കും പണം കണക്കുകൂട്ടി ഈടാക്കുക.വാഹനങ്ങള്‍ ടോള്‍ റോഡില്‍ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോള്‍ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടില്‍ നിന്ന് പണം പിടിക്കും. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചിത തുക കണക്കാക്കുന്ന രീതിയിലായിരിക്കും ടോള്‍ ഇടാക്കുകയെന്നാണ് പ്രഥമിക വിവരം. ടോള്‍ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് ഇതുവഴി ഒഴിവാകും.
യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ജിപിഎസ് സംവിധാനം നടപ്പിലാക്കുന്നത്. പരീക്ഷണം പൂര്‍ണവിജയമെന്ന് കണ്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരും.