ആല്‍ബെര്‍ട്ടയിലെ പ്രൊഫഷണല്‍ റെഗുലേറ്ററി ഓര്‍ഗനൈസേഷനുകളുടെ മേല്‍നോട്ടവും മാനേജ്‌മെന്റും നവീകരിക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച പുതിയ ബില്‍ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിച്ചു. ബില്‍ 23, പ്രൊഫഷണല്‍ ഗവേണന്‍സ് ആക്റ്റ് എന്ന ബില്‍ പ്രവിശ്യയ്ക്ക് പുറത്തുള്ള തൊഴിലാളികളുടെ യോഗ്യത തിരിച്ചറിയുന്നതിന് ഓര്‍ഗനൈസേഷനുകള്‍ക്ക് നടപടികള്‍ എളുപ്പമാക്കുന്നതിന് സഹായിക്കുന്നു.
പ്രൊഫഷണുകളുടെ ഗവേണന്‍സ്, രജിസ്‌ട്രേഷന്‍, പെരുമാറ്റം, അച്ചടക്കം തുടങ്ങിയവയുടെ ഉത്തരവാദിത്തം ആല്‍ബെര്‍ട്ടയിലെ ചാര്‍ട്ടേഡ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ്, ആല്‍ബെര്‍ട്ട വെറ്ററിനറി മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ക്കാണ്.
ആല്‍ബെര്‍ട്ടയിലെ ജനങ്ങളുടെ ജീവന്‍, ആരോഗ്യം, സ്വത്ത്, പാരിസ്ഥിതിക, സാമ്പത്തിക താല്‍പ്പര്യം എന്നിവ സംരക്ഷിക്കാന്‍ രജിസ്‌ട്രേഡ് പ്രൊഫഷണലുകള്‍ക്ക് സാധ്യയ്ക്കുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഈ ഓര്‍ഗനൈസേഷനുകള്‍ക്കാണെന്ന് ലേബര്‍ ആന്‍ഡ് ഇമിഗ്രേഷന്‍ മന്ത്രി കെയ്‌സി മദു പറഞ്ഞു. നിലവില്‍ പ്രവിശ്യയിലുള്ള 22 ഓളം ഓര്‍ഗനൈസേഷനുകളും മുന്നോട്ട് പോകുന്നത് വേണ്ടത്ര നിലവാരമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ നിയമത്തെ ആശ്രയിച്ചാണ്. ഈ ബില്‍ പാസാക്കിയാല്‍ എല്ലാ നിയമങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഭരണം കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ദ്ദിഷ്ട നിയമനിര്‍മാണം മറ്റ് പ്രവിശ്യകളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ തൊഴില്‍ തേടുന്നതിനായി ആല്‍ബെര്‍ട്ടയിലേക്ക് മാറുന്ന റെഗുലേറ്റഡ് പ്രൊഫഷണലുകള്‍ക്കുള്ള തടസ്സങ്ങളും നീക്കുമെന്നാണ് സൂചന.
അതേസമയം, ബില്‍ 23 ഹെല്‍ത്ത്-കെയര്‍ പ്രൊഫഷണലുകള്‍ക്കോ അധ്യാപകര്‍ക്കോ മേല്‍നോട്ടം വഹിക്കുന്ന ഓര്‍ഗനൈസേഷനുകള്‍ക്ക് ബാധകമായിരിക്കില്ല.