ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നിര്‍മാണ മേഖലയിലെ ഏകദേശം 15,000 ത്തോളം നിര്‍മാണതൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമായി ജോലി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇത് ജിടിഎയിലുടനീളമുളള റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കണ്‍സ്ട്രക്ഷന്‍ മേഖലയിലുള്ളവര്‍ സൂചിപ്പിക്കുന്നു. ലേബര്‍ യൂണിയനായ LiUNA Local 183 -യിലെ ഒന്നിലധികം വരുന്ന ബാര്‍ഗെയ്നിംഗ് യൂണിറ്റ്സ് കരാറുകള്‍ നിരസിക്കുകയും പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ഈ ലേബര്‍ ആക്ഷനില്‍ ഹൗസ് ഫ്രെയിമര്മാര്, ടൈല്‍ പണിക്കാര്, കാര്‍പെറ്റ് ആന്‍ഡ് ഹാര്‍ഡ്വുഡ് ഇന്‍സ്റ്റാളേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കുന്നതായി യൂണിയന് അറിയിച്ചു.
നിലവില്‍ ജിടിഎയിലെ എല്ലാ ഹൈ-റൈസ് സൈറ്റുകളിലും പണികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഫ്രെയ്മിംഗ് സ്ട്രൈക്ക് നടക്കുന്നതിനാല്‍ ലോ-റൈസ് സൈറ്റുകളെയും സാരമായി ബാധിച്ചേക്കാമെന്നും യൂണിയന് പ്രതിനിധി ജേസണ്‍ ഓട്ടി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ അംഗങ്ങള്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ അവര്‍ക്ക് മാനേജ്മെന്റില്‍ നിന്ന് ന്യായമായ ഓഫര്‍ ആവശ്യമാണ്. ഇപ്പോള്‍ ഓഫര്‍ ചെയ്തത് അതില്‍ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആറ് വ്യത്യസ്ത മേഖലകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.