ടൊറന്റോയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 22 ശതമാനം വര്‍ധനയെന്ന് പോലീസ് 

By: 600002 On: May 3, 2022, 8:15 AM

 

ടൊറന്റോ നഗരത്തില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 22 ശതമാനം വര്‍ധനയുണ്ടായതായി ടൊറന്റോ പോലീസ്. 2021 ലെ കണക്കുകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യ സംഭവങ്ങള്‍ 257 എണ്ണമായിരുന്നു. അതിനു മുമ്പുള്ള വര്‍ഷം 210 ആയിരുന്നു. കോവിഡും ചില ജിയോപൊളിറ്റിക്കല്‍ സംഭവങ്ങളും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നതായി പോലീസ് പറയുന്നു. മതം, വംശീയത, ദേശീയത എന്നിവയും ഇതിന് പ്രേരണ നല്‍കുന്ന ഘടകങ്ങളാണെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. 

വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് കിഴക്കന്‍, തെക്ക്കിഴക്കന്‍ ഏഷ്യന്‍ കമ്യൂണിറ്റികളാണെന്ന് പോലീസ് പറയുന്നു. ബ്ലാക്ക്, ജൂത, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റികളെയും വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. 

ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഹേറ്റ് ക്രൈം യൂണിറ്റ് വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് സേന അറിയിച്ചു.