കനേഡിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ(സിഎഎ) 2021 ലെ റിപ്പോര്‍ട്ട് പ്രകാരം കാനഡയിലെ ഏറ്റവും മോശപ്പെട്ട റോഡുകള്‍ ആല്‍ബെര്‍ട്ടയിലേതാണ്. ഇപ്പോഴിതാ സിഎഎ ക്യുബെക്ക് പ്രവിശ്യയിലെ ഏറ്റവും മോശം റോഡുകളേതൊക്കെയാണെന്ന് കണ്ടെത്താന്‍ സര്‍വേ സംഘടിപ്പിക്കുകയാണ്. കുഴികളുള്ളതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകള്‍ ഏതൊക്കെയാണെന്ന് സര്‍വേയില്‍ ആളുകള്‍ക്ക് പ്രതികരിക്കാം.
ഓരോ നഗരത്തിലെയും മുന്‍സിപ്പാലിറ്റിയിലെയും റോഡുകളുടെ കണക്കെടുത്ത് അതില്‍ നിന്ന് ഏറ്റവും മോശമായ പത്ത് റോഡുകളുടെ പട്ടിക തയാറാക്കുമെന്നും ഈ റോഡുകളുടെ കാര്യത്തില്‍ അധികൃതര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആരായുമെന്നും സിഎഎയുടെ ക്യുബെക് പബ്ലിക് അഫയേഴ്‌സ് ഡയറക്ടര്‍ നിക്കോളാസ് റയാന്‍ പറയുന്നു.
മോണ്‍ട്രിയലില്‍ സ്പ്രിംഗ് സീസണിലാണ് റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത്. കുഴികള്‍, പെയിന്റ് ലൈനുകള്‍ മങ്ങല്‍, അസ്ഫാല്‍റ്റിലെ വിള്ളലുകള്‍, അടയാളങ്ങള്‍ മാഞ്ഞുപോകല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ റോഡുകള്‍ക്ക് സംഭവിക്കും. ഈ സമയത്ത് ഇതിലൂടെ അതീവ ശ്രദ്ധയോടെ മാത്രമേ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കൂ. നിലവാരമില്ലാത്ത റോഡുകളിലൂടെ പോയി വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്. ഇത്തരത്തില്‍ ക്യുബെക്കിലെ ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 258 ഡോളര്‍ വാഹന അറ്റകുറ്റപണികള്‍ക്കായി ചെലവാകുമെന്നാണ് കണക്ക്.
മോശം റോഡുകളില്‍ നിന്നും നല്ല, ഭേദപ്പെട്ട റോഡുകളിലേക്കുള്ള മാറ്റം ആവശ്യമുള്ള മുന്‍സിപ്പാലിറ്റികളെ ലക്ഷ്യം വയ്ക്കുന്നതിന് ഫലപ്രദമായ ഉപകരണമാണ് ഈ സര്‍വേ എന്ന് റയാന്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് 26 വരെ https://www.caaquebec.com/en/on-the-road/public-interest/worst-roads/ എന്ന വെബ്‌സൈറ്റില്‍ ഏറ്റവും മോശപ്പെട്ട റോഡുകളേതെന്ന് ജനങ്ങള്‍ക്ക് അറിയിക്കാം.