വാഹന മോഷണം തടയാന്‍ ക്യാമ്പയിനുമായി സ്ട്രാത്‌മോര്‍ ആര്‍സിഎംപി 

By: 600002 On: May 3, 2022, 6:29 AM


ആല്‍ബെര്‍ട്ടയില്‍ വാഹനമോഷണം ഏറുന്ന സാഹചര്യത്തില്‍ വാഹനഉടമകള്‍ക്കായി ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുകയാണ് സ്ട്രാത്‌മോര്‍ ആര്‍സിഎംപി. 2021 ല്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് സ്ട്രാത്‌മോറിലെ താമസക്കാര്‍ക്ക് ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി പോലീസ് ഡിറ്റാച്ച്‌മെന്റുകളില്‍ നിന്ന് സൗജന്യമായി വാഹനങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണം വാഹനഉടമകള്‍ക്ക് സ്വന്തമാക്കാമെന്ന് പോലീസ് അറിയിക്കുന്നു. 

ലൈസന്‍സ് പ്ലേറ്റ് വാഹനത്തില്‍ നിന്ന് എടുത്തിട്ടില്ലെന്ന് ഉറപ്പാക്കാന്‍ സെക്യുരിറ്റി സ്‌ക്രൂകളും, ലോക്കിംഗ് ബോള്‍ട്ടുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ സാധിക്കുമെന്ന് ആര്‍സിഎംപി ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ വാഹനം മോഷ്ടിക്കപ്പെടുന്നതില്‍ നിന്ന് ഈ ഉപകരണങ്ങള്‍ സഹായിക്കില്ലെങ്കിലും സ്‌ക്രൂകള്‍ ഉപയോഗിക്കുന്നത് വഴി മോഷ്ടാക്കള്‍ നമ്പര്‍ പ്ലേറ്റ് മറ്റൊരു വാഹനത്തില്‍ ഉപയോഗിക്കുന്നതില്‍ നിന്നും അന്വേഷണത്തെ മന്ദഗതിയിലാക്കുന്നതില്‍ നിന്നും തടയുണെന്ന് ആര്‍സിഎംപി പറയുന്നു. 

ലൈസന്‍സ് പ്ലേറ്റ് മോഷണം സ്ട്രാത്‌മോറില്‍ വര്‍ധിച്ചുവരികയാണ്. അതിനാലാണ് ഇത് സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.