നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനം ഭൂ ഭവന ദാന ഞായർ ആചരിച്ചു

By: 600084 On: May 2, 2022, 4:55 PM

News Written by, P.P Cherian, Dallas.

ന്യൂയോർക്ക്∙ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസനാതിർത്തിയിലുളള എല്ലാ ഇടവകകളിലും മേയ് 1 ഭൂഭവന ദാന ഞായറായി ആചരിച്ചു. ഇതിനോടനുബന്ധിച്ചു പ്രത്യേക പ്രാർഥനകളും നടത്തിയിരുന്നു.

മാർത്തോമ മെത്രാപോലീത്താ ഡോ.തിയഡോഷ്യസ് മാർത്തോമയുടെ സർക്കുലറിന് വിധേയമായാണു മേയ് 1 ഭൂഭവന ദാന ഞായറാഴ്ച സഭ വേർതിരിച്ചിരുന്നത്. മേയ് 1ന് ഭൂ ഭവന ദാന പ്രസ്ഥാനത്തെ ഓർത്തു പ്രാർഥിക്കുന്നതിനും  പ്രത്യേക സ്തോത്രകാഴ്ച സമാഹരിക്കുന്നതിനും അതത് ഇടവകകളിലെ ചുമതലക്കാർ നേതൃത്വം നൽകി.

1968ൽ ഡോ.യൂഹാനോൻ മാർത്തോമ മെത്രാപോലീത്തയുടെ ദീർഘ ദർശനമായിരുന്ന ഭൂ ഭവന ദാന പ്രസ്ഥാനത്തിനു തുടക്കമിട്ടത്.  സ്വന്തമായി ഭവനമില്ലാതെ കഴിയുന്ന സഹോദരങ്ങൾക്കു ഭവനം നിർമിച്ചു നൽകുക എന്ന പദ്ധതിയാണു സഭ വിഭാവനം ചെയ്തത്.

53 വർഷങ്ങൾക്കുള്ളിൽ ജാതിമത ഭേദമെന്യേ ഏകദേശം 8500ൽപരം ഭവനങ്ങൾ നിർമിച്ചു നൽകുന്നതിന് ഈ പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്.

2018 ലെ വെള്ളപ്പൊക്കത്തോടനുബന്ധിച്ച് ആരംഭിച്ച പദ്ധതിയിൽ അറ്റകുറ്റ പണികൾക്കായി തിരഞ്ഞെടുത്ത 65 വീടുകളുടെയും നിർമാണത്തിനായി തിരഞ്ഞെടുത്ത 95ൽ 94ന്റെയും നിർമാണം പൂർത്തികരിച്ചു.

2021ൽ 100 വീടുകളുടെ പണിയാണ് ഈ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു വരുന്നത്. എല്ലാവർക്കും ഭവനം എന്ന സ്വപ്നം പൂർത്തിയാക്കുന്നതിനു മേയ് 1ന് പ്രത്യേകം സമാഹരിച്ച ഫണ്ടുകൾ  എത്രയും വേഗം സഭാ ഓഫിസിൽ അടക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.