യുദ്ധം വിജയിക്കുന്നതു വരെ ഉക്രെയ്നിനൊപ്പമെന്നു പെലോസി

By: 600084 On: May 2, 2022, 4:43 PM

News Written by, P.P Cherian, Dallas.

വാഷിങ്ടൻ ഡി സി : റഷ്യൻ അധിനിവേശത്തിനെതിരെ ഉക്രെയ്ൻ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക ഉക്രെയ്നിനൊപ്പം ഉണ്ടായിരിക്കുമെന്നു യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി ഉക്രെയ്ൻ പ്രസിഡന്റിന് ഉറപ്പ് നൽകി. ശനിയാഴ്ച വൈകിട്ട് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനു ശേഷം പ്രസിഡന്റുമായി നടത്തിയ ചർച്ചയിലാണു പെലോസി ഉറപ്പു നൽകിയത്.

റഷ്യൻ അധിനിവേശത്തിനു ശേഷം ഉക്രെയ്ൻ സന്ദർശിക്കുന്ന ഉയർന്ന റാങ്കിലുള്ള യുഎസ് സംഘത്തിന്റെ ആദ്യ സന്ദർശനമാണിത്. ഉക്രെയ്ൻ ജനത സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന ഈ പോരാട്ടത്തിനു നന്ദി പറയുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും പെലോസി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പെലോസിയുടെ സന്ദർശനത്തിനു മുൻപ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി സ്ലിങ്കൻ, ഡിഫൻസ് സെക്രട്ടറി ലോയ്ഡ്  ഓസ്റ്റിൻ എന്നിവർ അപ്രതീക്ഷിതമായിട്ടാണു സന്ദർശനം നടത്തിയതെങ്കിലും ഇത്രയും വലിയൊരു ഡലിഗേഷനുമായി ആദ്യമായാണ് ഈ സംഘം കീവിൽ എത്തുന്നത്.

കീവിൽ സന്ദർശനം നടത്തി മടങ്ങുമ്പോൾ പോളണ്ടിൽ പ്രസിഡന്റുമായി സംഘം കൂടിക്കാഴ്ച നടത്തി.  ഉക്രെയ്നിൽ നിന്നുള്ള അഭയാർഥികൾക്ക് അഭയം നൽകുന്നതിനു പോളണ്ടിനെ യുഎസ് സംഘം അഭിനന്ദിച്ചു.

 യുഎസ് പിന്തുണയെ സെലൻസ്ക്കി സ്വാഗതം ചെയ്തു. നമ്മൾ ഒരുമിച്ചു പൊരുതും , ഒരുമിച്ചു വിജയിക്കും.  ഉക്രെയ്നു കൂടുതൽ സഹായങ്ങൾ നൽകുമെന്നു പെലോസി ഉറപ്പു നൽകി.