സിംഗിള്‍ ചാര്‍ജില്‍ 420 കിലോമീറ്റര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി ഇലക്ട്രിക് വാന്‍ 

By: 600002 On: May 2, 2022, 12:19 PM


സിംഗിള്‍ ചാര്‍ജില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചരിച്ചതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ജനറല്‍ മോട്ടോര്‍സ് പുറത്തിറക്കിയ ഇലക്രിക് വാന്‍ . ഏകദേശം 420 കിലോമീറ്റര്‍ ദൂരമാണ് വാന്‍ ഒറ്റത്തവണ ചെയ്ത ചാര്‍ജ് കൊണ്ട് ഓടിയത്. ജനറല്‍ മോട്ടോര്‍സ് പുറത്തിറക്കിയ ബ്രൈറ്റ് ഡ്രോപ് (BrightDrop) ഫെഡ്എക്‌സുമായി (FedEx) സഹകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

BrightDrop Zevo 600 എന്ന ഇലക്ട്രിക് വാന്‍ ന്യൂയോര്‍ക്ക് സിറ്റി മുതല്‍ വാഷിങ്ടണ്‍ ഡിസി വരെയാണ് സഞ്ചരിച്ചത്. ഫെഡ്എക്‌സിന്റെ ലോഗോ പതിപ്പിച്ച് ഓടിയ വാന്‍ 420 കിലോമീറ്റര്‍ ദൂരം യാതൊരു തടസ്സവുമില്ലാതെയാണ് സിംഗിള്‍ ചാര്‍ജില്‍ ഓടിയെത്തിയത്. ഒരു സ്ഥാപനത്തിലേക്ക് എത്തിക്കാനുള്ള ക്ലീനിങ് സാമഗ്രികളാണ് ഈ വാനിലുണ്ടായിരുന്നത്. ഇത് സുരക്ഷിതമായി ഉടമസ്ഥരുടെ അടുത്തെത്തിക്കുകയും ചെയ്തു.

ജനറല്‍ മോട്ടോര്‍സ് പുറത്തിറക്കിയിട്ടുള്ള ബ്രൈറ്റ് ഡ്രോപിന്റെ പുതിയ ചരക്കു വാന്‍ സാധനങ്ങള്‍ കയറ്റാന്‍ കൂടുതല്‍ വിസ്താരമുള്ളതാണ്. 16 ക്യുബിക് മീറ്ററാണ് കാര്‍ഗോ ഏരിയ ഉള്ളതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഏകദേശം 1000 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ ഇതില്‍ കയറ്റാന്‍ സാധിക്കും.