സിഐഎയുടെ ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യന്‍ വംശജനെ നിയമിച്ചു 

By: 600002 On: May 2, 2022, 11:06 AM


അമേരിക്കന്‍ ഇന്റലിജന്‍സ് ഏജസിയായ സിഐഎയുടെ (Central Intelligence Agency (CIA)) ആദ്യ ചീഫ് ടെക്നോളജി ഓഫീസറായി (Chief Technology Officer (CTO) ഇന്ത്യന്‍ വംശജന്‍ നന്ദ് മുല്‍ചന്ദാനിയെ  നിയമിച്ചു. സി.ഐ.എ ഡയറക്ടര്‍ വില്യം ജെ. ബേണ്‍സാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലും സിലിക്കണ്‍ വാലി പോലുള്ള ഉന്നത സ്ഥാപനങ്ങളിലും 25 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള ആളാണ് നന്ദ് മുല്‍ചന്ദാനി. ഇതാദ്യമായാണ് സിഐഎ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിക്കുന്നത്. 

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്നാണ് നന്ദ് മുല്‍ചന്ദാനി ഉന്നതവിദ്യാഭ്യാസം നേടിയത്. അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും ഗണിതത്തിലും ബിരുദം, സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് മാനേജ്മെന്റില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദം, ഹാര്‍വാര്‍ഡില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍. അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പ്, ഡല്‍ഹിയിലെ ബ്ലൂബെല്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.