സ്‌പേക്‌സ്എക്‌സ് ഉപഗ്രഹ വിക്ഷേപണത്തിന് പിന്നാലെ വാന്‍കുവറില്‍ ആകാശത്ത് പ്രകാശനിര പ്രത്യക്ഷമായി 

By: 600002 On: May 2, 2022, 10:41 AM


ശനിയാഴ്ച രാത്രിയില്‍ വാന്‍കുവറിലുള്ളവര്‍ ആകാശത്ത് പ്രത്യേകമായൊരു കാഴ്ചയാണ് കണ്ടത്. ഏകദേശം 10.30 ഓടെ ആകാശത്ത് പടിഞ്ഞാറ് ഭാഗത്ത് നിന്നും കിഴക്കോട്ട് നീങ്ങുന്ന നിരവധി പ്രകാശനിരകളാണ് പ്രത്യക്ഷപ്പെട്ടത്. അത് ഒരു ധൂമകേതു പോലെയോ ഉല്‍ക്കാശില പോലെയോ ആയിരുന്നില്ല, മറിച്ച് ഒരു ലൈറ്റുകളുടെ ഒരു ട്രെയിന്‍ പോലെയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതൊരു അത്ഭുത കാഴ്ചയാണെന്ന് അവര്‍ പറഞ്ഞു. 

ഈ പ്രതിഭാസത്തിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ആള്‍ക്കാര്‍ സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കുകയും ചെയ്തു. ഇത് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഹ്രഗങ്ങളായിരിക്കാമെന്ന് ചിലര്‍ അനുമാനിക്കുന്നു. സാറ്റ്‌ലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനത്തിനായി വിക്ഷേപിച്ച ഡിവൈസുകള്‍ നേരത്തെ വാന്‍കുവറില്‍ നിന്ന് ദൃശ്യമായിരുന്നു. 

2021 മെയ് ആദ്യം, സിയാറ്റിലിലെ യു.എസ് നാഷണല്‍ വെതര്‍ സര്‍വീസ്, ആകാശത്ത് ദൃശ്യമാകുന്ന പ്രകാശമാനമായ ലൈറ്റുകളുടെ ഒരു നിര അടുത്തിടെ നടന്ന സ്റ്റാര്‍ലിങ്ക് വിക്ഷേപണവുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച ആകാശത്ത് ദൃശ്യമായ ലൈറ്റുകള്‍ സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം കമ്പനി ഫ്‌ളോറിഡയില്‍ നിന്ന് 53 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതായി സ്‌പേക്‌സ്എക്‌സ് വെബ്‌സൈറ്റിലെ പോസ്റ്റ് സൂചിപ്പിക്കുന്നു. ശനിയാഴ്ച ഏകദേശം 10.30 ഓടെ കമ്പനിയുടെ ഉപഗ്രഹങ്ങള്‍ ദൃശ്യമാകുമെന്ന് ഒരു ഓണ്‍ലൈന്‍ ട്രാക്കര്‍ വ്യക്തമാക്കിയിരുന്നു.