Article Written by, Dr Soumya Rajeev.
കാഴ്ചയില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കുവാൻ പോലും ഇന്ന് ആർക്കും കഴിയില്ല. പക്ഷേ ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ അവരുടെ പഠന ആവശ്യത്തിനും, ജോലി സംബന്ധമായും, അല്ലാതെയും നൂതന സാങ്കേതിക വിദ്യകളായ ടീവീ, മൊബൈൽ ഫോൺ, എന്നിവ അമിതമായി ഉപയോഗിക്കുന്നതായി കണ്ടു വരുന്നു. അതിന്റെ അമിത ഉപയോഗം കാരണം പല പല ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കണ്ണുകളുടെ ആരോഗ്യത്തിൽ ഉണ്ടാകുന്ന തകരാറുകൾ.
ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ കാഴ്‌ച കുറവ്, കണ്ണുകളിൽ ഉണ്ടാകുന്ന വരൾച്ച, ചൊറിച്ചിൽ, പുകച്ചിൽ എന്നിവ കണ്ടു വരുന്നു. നമ്മൾ ഓരോരുത്തരും അവരവരുടെ കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടതാണ്.
ദിവസത്തിൽ നാലോ അഞ്ചോ പ്രാവശ്യം ശുദ്ധമായ തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകുക.
ത്രിഫല ഇട്ടു തിളപ്പിച്ച വെള്ളം ചൂടാറിയതിനു ശേഷം കണ്ണുകളിൽ ഒഴിക്കുന്നത് നല്ലതാണ്.
രാത്രി കിടക്കുവാൻ നേരം അര സ്പൂൺ ത്രിഫല ചൂർണ്ണവും തേനും ചേർത്ത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
വെള്ളരി, ഉരുളക്കിഴങ്ങ്, ഇവയിൽ ഏതെങ്കിലും മുറിച്ച് കണ്ണിനു മുകളിൽ 15 മിനിറ്റ് വച്ചാൽ കണ്ണിനു കുളിർമ്മ ലഭിക്കും.
തണുത്ത പാലിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കുന്നതും കണ്ണിന് കുളിർമ നൽകും.
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്
കുറഞ്ഞത് 6 മണിക്കൂർ എങ്കിലും നന്നായി ഉറങ്ങാൻ ശ്രമിക്കുക.
ആഹാരത്തിൽ വൈറ്റമിൻ A, C എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഉദാഹരണം, ഇലക്കറികൾ, നെല്ലിക്ക, കാരറ്റ്, ചെറുപയർ, പാൽ.
ചൂടുള്ള കാലാവസ്ഥയിൽ പുറത്തോട്ടു പോകുമ്പോൾ സൺ ഗ്ലാസ് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
കണ്ണുകളിൽ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക. ഇത് കണ്ണുകളിൽ അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.
കംപ്യുട്ടർ ഉപയോഗിക്കുമ്പോൾ കണ്ണും കംപ്യുട്ടർ സ്ക്രീനും തമ്മിൽ 20,30 ഇഞ്ച് അകലം പാലിക്കണം. എല്ലാ 20 മിനിട്ടിലും ഇടവേളയെടുത്ത് 20 സെക്കൻഡ് 20 അടി അകലം ഏതെങ്കിലും വസ്തുവിനെ നോക്കുക. ഇതാണ് 20-20-20 റൂൾ. ഇത് കണ്ണിനു സമ്മർദ്ദം കുറയ്ക്കുവാനും അതുപോലെ ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിനെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കണ്ണുകൾക്ക് ചെറു വ്യായാമം നൽകുക.
* പാമിങ്(Palming) : കണ്ണുകൾ അടച്ചു നേരെ ഇരിക്കുക. നിങ്ങളുടെ കൈപ്പത്തികൾ ചൂടാക്കാനായി 10-15 സെക്കൻഡ് കൂട്ടിപ്പിടിച്ച് തിരുമ്മുക. ശേഷം അവ നിങ്ങളുടെ കണ്ണുകൾക്ക് മുകളിലായി വയ്ക്കുക. നിങ്ങളുടെ കൈകളിൽ നിന്നുമുള്ള ചൂട് പൂർണ്ണമായും ആഗിരണം ചെയ്യുന്നത് വരെ നില നിർത്തുക.
*കണ്ണിമ ചിമ്മുക : നിങ്ങളുടെ കണ്ണുകൾ 10 തവണ വേഗത്തിൽ ചിമ്മുന്നത് കണ്ണുകൾക്ക് നല്ലതാണ്.
* Eye Massage : രണ്ടു കൈപ്പത്തി വച്ച് കണ്ണുകൾ അടച്ചു പിടിക്കുക. രണ്ടു സെക്കൻഡ് അങ്ങനെ പിടിക്കുക. പിന്നീട് കൈപ്പത്തി കണ്ണുകളിൽ നിന്നും വിടുക. ഇങ്ങനെ 5 തവണ ദിവസവും ചെയ്യുന്നത് നല്ലതാണ്.
*കണ്ണിന്റെ കൃഷ്ണമണികൾ വേഗത്തിൽ ചലിപ്പിക്കുക.
*പുകവലി ഉപേക്ഷിക്കുക