കൊലക്കേസ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് കറക്ഷൻ ഓഫീസർമാർ അറസ്റ്റിൽ.

By: 600084 On: Apr 30, 2022, 5:33 PM

 

പി.പി.ചെറിയാൻ, ഡാളസ്

വെസ്റ്റ് മയാമി (ഫ്ളോറിഡ): മയാമി കൗണ്ടി ജയിലിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിൽ നാലു ഫ്ളോറിഡാ സ്റ്റേറ്റ് കറക്ഷൻസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.

ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ മൂന്നു പേർ ഏപ്രിൽ 28 വ്യാഴാഴ്ചയും ഒരാൾ വെള്ളിയാഴ്ചയും ആണ് അറസ്റ്റ് ചെയ്‌തത്‌. ലൊസാഞ്ചൽസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണു നാലാമനായ ജെറമി ഗോഡ സോൾട്ടിനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

മാനസിക രോഗികളെ പാർപ്പിച്ചിരുന്ന മുറിയിലെ കൊലക്കേസിലെ പ്രതി അൻപത് വയസ്സുള്ള റൊണാൾഡ്‌ ഇൻഗ്രാം ഒരു ഓഫിസറുടെ നേരെ യൂറിൻ(മൂത്രം) ഒഴിച്ചുവെന്നതാണ് ഓഫീസർമാരെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാളെ കയ്യാമം വച്ച് നാലുപേരും ചേർന്ന് ക്രൂരമായി മർദിച്ചു. തീരെ അവശനായ പ്രതിയെ അവിടെ നിന്നും വാഹനത്തിൽ കയറ്റി മറ്റൊരു ഫെസിലിറ്റിയിലേക്ക് കൊണ്ട് പോകുന്നതിനിടെയിൽ വാഹനത്തിൽ കിടന്നു തന്നെ  മരിക്കുകയായിരുന്നു. ഇയാൾ കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. റൊണാൾഡ് കോണർ, ജെറിമി ഗോഡമ്പോൾട്ട്, ക്രിസ്റ്റഫർ റോളർ, കാർക്ക് വാൾട്ടൽ എന്നിവർക്കെതിരെ സെക്കന്റ് ഡിഗ്രി മർഡർ, ക്രൂവൽ ട്രീറ്റ്മെന്റ്, പേഴ്സണൽ അബ്യൂസ് എന്നിയക്കു കേസെടുത്തു. ഇവരെ പിന്നീടു ജയിലിലടച്ചു. ബോണ്ട് അനുവദിച്ചില്ല. 1600 മണിക്കൂറുകൾ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ മെഡിക്കൽ പ്രതി മരിച്ചത് വാരിയെല്ലുകൾ ഒടിഞ്ഞും ശ്വാസകോശങ്ങൾ തകർന്നും ആന്തരിക രക്തസ്രാവത്താലുമാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

 ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഇതു ഫ്ളോറിഡയില്‍ നിലവിലുള്ള നിയമങ്ങളുടെ വയലേഷനാണെന്നും സ്റ്റേറ്റ് അറ്റോർണി കാതറിൻ ഫെർണാണ്ടസ് പറഞ്ഞു.