പി.പി.ചെറിയാൻ, ഡാളസ്
ടെനിസി: മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കു കർശന ശിക്ഷ നടപ്പാക്കുന്ന നിയമം ടെനിസി സെനറ്റ് പാസ്സാക്കി.
ഏപ്രിൽ 27 ബുധനാഴ്ചയാണ് ആദ്യമായി ഇങ്ങനെ ഒരു നിയമം ടെനിസി സെനറ്റ് പാസാക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുകയും തുടർന്നുണ്ടാകുന്ന അപകടത്തിൽ മറ്റൊരാൾ കൊല്ലപ്പെടുകയും ചെയ്‌താൽ മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവർ കൊല്ലപ്പെട്ടവരുടെ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചൈൽഡ് സപ്പോർട്ട് നൽകണമെന്ന നിയമമാണ് സെനറ്റ് അംഗീകരിച്ചിരിക്കുന്നത്. വെഹിക്കുലാർ ഹോമിസൈഡ് എന്ന കുറ്റം ചുമത്തി കേസെടുക്കുന്നതിനും ബില്ലിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മദ്യപിച്ച ഡ്രൈവറുെട അശ്രദ്ധ കൊണ്ടുണ്ടാകുന്ന അപകടത്തിൽ എത്രപേർ കൊല്ലപെട്ടിട്ടുണ്ടോ അവരുടെയെല്ലാം കുട്ടികൾക്ക് 18 വയസ്സു തികയുന്നതു വരെയാണ് ചൈൽഡ് സപ്പോർട്ട് നൽകേണ്ടി വരിക.
കുട്ടിയുടെ സാമ്പത്തികാവശ്യവും മാതാപിതാക്കളുടെ വരുമാനവും പരിഗണിച്ചായിരിക്കും ചൈൽഡ് സപ്പോർട്ട് നിശ്ചയിക്കുകയെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഈ ബില്ലിനെക്കുറിച്ചു പ്രതികരിക്കാൻ ഗവർണറുെട ഓഫിസ് ഇതുവരെ തയാറായിട്ടില്ല.
ബില്ലിനു നാനാഭാഗങ്ങളിൽ നിന്ന് അനുകൂല പ്രതികരണമാണു ലഭിക്കുന്നത്. വാഹനാപകടത്തിൽ ഭർത്താവ് നഷ്ടപ്പെട്ട മെലിൻഡ കാംമ്പൽ പറഞ്ഞത് ഇങ്ങനെ ഒരു നിയമം മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്ക് പേടിസ്വപ്നം ആയിരിക്കുമെന്നും, അപകടങ്ങൾ കുറയ്ക്കാൻ കാരണമാകുമെന്നും അഭിപ്രായപ്പെട്ടു.