പതിനേഴുകാരൻ ഓടിച്ച ലംബോർഗിനി ഇടിച്ചു മരിച്ച യുവതിയുടെ കുടുംബത്തിന് 18.8 മില്യൺ നഷ്ടപരിഹാരം.

By: 600084 On: Apr 30, 2022, 4:45 PM

പി.പി.ചെറിയാൻ, ഡാളസ്

കാലിഫോർണിയ : അമേരിക്കയിൽ മുപ്പത്തിയഞ്ചു മൈൽ വേഗതയുള്ള റോഡിൽ 100 മൈൽ വേഗതയിൽ ലംബോർഗിനി ഓടിക്കുകയും, റെഡ് ലൈറ്റിൽ നിർത്താതെ ഇടത്തോട്ട് തിരിച്ചതിനെ തുടർന്ന് അവിടെ നിർത്തിയിട്ടിരുന്ന ലെക്സസ് സെദാനിൽ ഇടിച്ച് ഡ്രൈവറായ യുവതി കൊല്ലപ്പെടുകയും ചെയ്ത കേസിൽ 18.8 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ഏപ്രിൽ 27 നു ധാരണയായി അറ്റോർണി ഡാനിയൽ ഗ്രയ്‌സി അറിയിച്ചു.

വാഹനം ഓടിച്ചിരുന്ന കൗമാരക്കാരൻ മൾട്ടിമില്യണർ ബിസ്സിനസ്സ് മാൻ ജെയിംസ് കുറിയുടെ മകനാണ്. 2017 ഫെബ്രുവരി 17 നു വെസ്റ്റ് ലോസ് അഞ്ചൽസിലാണ് അപകടം ഉണ്ടായത്.

കഴിഞ്ഞ സെപ്റ്റെംബറിൽ ആണ് കൊല്ലപ്പെട്ട മോനിക് മുനോസ്(32) ന്റെ കുടുംബങ്ങൾ ലോ സ്യുട്ട് ഫയൽ ചെയ്തിരുന്നത്. അപകടത്തിൽ കൗമാരക്കാരന് സാരമായ പരിക്കേറ്റിരുന്നുവെങ്കിലും വിദഗ്ദ്ധ ചികിത്സയെത്തുടർന്ന് സുഖം പ്രാപിച്ചിരുന്നു.

അപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഇപ്പോൾ അല്പം ആശ്വാസം ലഭിച്ചതായി അറ്റോർണി അവകാശപ്പെട്ടു.

അപകടത്തിന് അഞ്ചു സെക്കന്റിനു മുൻപ് ലംബോർഗിനിയുടെ വാഹനം 86 മൈൽ ആയിരുന്നു. എന്നാൽ ഗ്യാസ് പെഡൽ 100 ശതമാനം ആയിരുന്നു. രണ്ട്‌ സെക്കന്റ് മുൻപ് വാഹനത്തിന്റെ കൃത്യ വേഗത 106 മൈൽ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ  ഉദ്ധരിച്ചു അറ്റോർണി വിശദീകരിച്ചു.

കേസിൽ പ്രതിയായ കൗമാരക്കാരന് കഴിഞ്ഞ വർഷം കോടതി 7 മുതൽ 9 മാസം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു. യുവാവ് ഇപ്പോഴും ജയിൽ മുക്തനായിട്ടില്ല.

കൗമാരക്കാരന്റെ പിതാവും വിധിയെ സ്വാഗതം ചെയ്തു. ഈ തുകയെങ്കിലും കുടുംബത്തിന് സഹായകരമാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.