ബീസിയിലെ സറേയില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഇസ്ലാം മതവിശ്വാസികള്‍ക്ക് നേരെ കാറിലെത്തിയവര്‍ അധിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകുന്നേരത്തെ പ്രാര്‍ത്ഥന കഴിഞ്ഞ് ഏകദേശം 11 മണിയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രാദേശിക മസ്ജിദില്‍ നിന്ന് പുറത്തേക്കിറങ്ങിയ നേരത്ത് തങ്ങള്‍ക്ക് നേരെ കാറിലെത്തിയവര്‍ വെള്ളക്കുപ്പി വലിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്തതായി അധിക്ഷേപിക്കപ്പെട്ടവര്‍ പറയുന്നു.
സംഭവങ്ങള്‍ വിശ്വാസികളില്‍ ഒരാള്‍ മൊബൈലില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. 122 സ്ട്രീറ്റിനും 72-എ അവന്യൂവിനും സമീപം ഡ്രൈവറുമായി വാക്കേറ്റവുമുണ്ടായി.കാറിലുണ്ടായിരുന്നവര്‍ അസഭ്യം പറയുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് പിന്‍വശത്തിരുന്നയാള്‍ വെള്ളക്കുപ്പി എറിയുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഘം 911 ലേക്ക് വിളിക്കുകയും തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി അറിയിക്കുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈം ഗ്രീന്‍ ഹാച്ച്ബാക്ക് വാഹനമോടിച്ച സംശയാസ്പ്ദമായൊരാളെ തിരിച്ചറിഞ്ഞുവെന്നും ഇയാളെ ഉടന്‍ പിടികൂടാനാകുമെന്നും ആര്‍സിഎംപി അറിയിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഇത്തരമൊരു ഭയാനകമായ സംഭവത്തെ തുടര്‍ന്ന് തങ്ങളുടെ സമുദായംഗങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ച് സംഭവം അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബീസി മുസ്ലിം അസോസിയേഷന്‍ പ്രസ്താവന ഇറക്കി.