ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് ഉയര്‍ത്തുകയും കൂടുതല്‍ വര്‍ധനവ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വില നിലവാരത്തില്‍ അയവുവരുന്നതായി സൂചന. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ(ജിടിഎ) ചില കമ്യൂണിറ്റികളില്‍ സിംഗിള്‍ ഡിറ്റാച്ച്ഡ് വീടുകളുടെ വിലയില്‍ 20 ശതമാനത്തോളം ഇടിവ് കണ്ടുതുടങ്ങിയതായി ഹൗസ് സിഗ്മയിലെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ മൈക്കല്‍ കാര്‍ണി പറഞ്ഞു. പ്രോപ്പര്‍ട്ടി വാല്യൂകളും മാര്‍ക്കറ്റ് ട്രെന്‍ഡുകളും നിരീക്ഷിക്കുന്ന വെബപ്‌സൈറ്റാണ് ഹൗസ് സിഗ്മ.
2022 ഫെബ്രുവരി ഒന്ന് മുതല്‍ 2022 ഏപ്രില്‍ 19 വരെയുള്ള ഭവന വില്‍പ്പന സംബന്ധിച്ച പുതിയ ഡാറ്റ വ്യക്തമാക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിലക്കുറവ് കാണിക്കുന്നുണ്ടെന്നാണ്. ഫെബ്രുവരിയില്‍ വിറ്റ ഡിറ്റാച്ച്ഡ് ഹോമുകളുടെ വില 1.65 മില്യണ്‍ ഡോളറില്‍ നിന്ന് ഏപ്രില്‍ മാസമായപ്പോഴേക്കും 1.45 മില്യണ്‍ ഡോളറായി കുറഞ്ഞു.
സെമി ഡിറ്റാച്ച്ഡ് വീടുകള്‍ ഇതേ കാലയളവില്‍ 13.5 ശതമാനം ഇടിഞ്ഞ് 1.33 മില്യണില്‍ നിന്ന് 1.15 മില്യണ്‍ ഡോളറായി കുറഞ്ഞു.
ഏറ്റവും വലിയ ഇടിവുണ്ടായത് ഫ്രീഹോള്‍ഡ് ടൗണ്‍ ഹൗസുകളുടെ വിലയിലാണ്, 22.6 ശതമാനം കുറഞ്ഞ് 1.24 മില്യണില്‍ നിന്ന് 960,000 ഡോളറായി. 740,000 ഡോളറില്‍ നിന്ന് 690,000 ഡോളറായി കുറഞ്ഞ് 6.8 ശതമാനമാണ് കോണ്ടോമിനിയങ്ങളുടെ നിരക്ക്.