യുഎസില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് 

By: 600002 On: Apr 30, 2022, 7:00 AM


യുഎസില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോളറാഡയിലുള്ള ഒരു വ്യക്തിയില്‍ H5N1 വൈറസ് ബാധയാണ് കണ്ടെത്തിയതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) വ്യാഴാഴ്ച അറിയിച്ചു. 

പരിശോധനയില്‍ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എ(എച്ച്5) ആണ് ബാധിച്ചിരിക്കുന്നത്. ഇയാള്‍ പക്ഷിപ്പനി ബാധിച്ച കോഴികളെ കൊല്ലുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അവിടെ നിന്നാകാം പകര്‍ന്നതെന്നും സിഡിസി പ്രസ്താവനയില്‍ അറിയിക്കുന്നു. 

ക്ഷീണവും തളര്‍ച്ചയുമാണ് രോഗിയില്‍ കണ്ട ലക്ഷണം. പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സ നല്‍കി. ലക്ഷണം കണ്ടപ്പോള്‍ തന്നെ ഐസൊലേഷനിലേക്ക് മാറ്റി ഇന്‍ഫ്‌ളുവന്‍സ ആന്റിവൈറല്‍ മരുന്നായ ഒസല്‍റ്റാമിവിര്‍ ഉപയോഗിച്ച് ചികിത്സ നടത്തി. ഇപ്പോള്‍ രോഗി സുഖംപ്രാപിച്ചിട്ടുണ്ടെന്നും സിഡിസി വ്യക്തമാക്കി. 

യുഎസിലെ 29 സംസ്ഥാനങ്ങളിലെ ഫാമുകളിലും വീടുകളിലുമുള്ള വളര്‍ത്തുപക്ഷികളിലും 34 ഓളം സംസ്ഥാനങ്ങളിലെ കാട്ടുപക്ഷികളിലും ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസില്‍ ഒരു കേസ് മാത്രമാണ് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച പക്ഷിരളെ കൊന്നൊടുക്കുന്നവരില്‍ മറ്റുള്ളവര്‍ പരിശോധനയില്‍ നെഗറ്റീവാണ്. രോഗം ബാധിച്ച പക്ഷികളുമായി സമ്പര്‍ക്കമുള്ള 2,500 ഓളം പേരെ നിരീക്ഷിക്കുന്നുണ്ട്. 

ചൈനയില്‍ കഴിഞ്ഞയാഴ്ച മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഹെനാന്‍ പ്രവിശ്യയിലെ നാല് വയസ്സുകാരനില്‍ എച്ച്3എന്‍8 വൈറസാണ് സ്ഥിരീകരിച്ചത്.