ഒന്റാരിയോയില്‍ കിംഗ്‌സറ്റണിലുള്ള റോയല്‍ മിലിട്ടറി കോളേജിലെ നാല് കേഡറ്റുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഈ സ്പ്രിംഗില്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ ഇരിക്കുകയായിരുന്നു നാല് പേരും. ഓഫീസര്‍ കേഡറ്റുമാരായ ജാക്ക് ഹൊഗാര്‍ത്ത്, ആന്‍ഡ്രി ഹോന്‍സിയു, ബ്രോഡന്‍ മര്‍ഫി, ആന്‍ഡ്രേസ് സലേക് എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ ആര്‍എംസി കാമ്പസിലെ പോയിന്റ് ഫ്രെഡറിക്കിലാണ് വാഹനാപകടമുണ്ടായത്. സംഭവത്തില്‍ കിംഗ്സ്റ്റണ്‍ പോലീസ് സേനയുടെ പങ്കാളിത്തത്തോടെ കനേഡിയന്‍ ഫോഴ്‌സസ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ സര്‍വീസ് അന്വേഷണം ആരംഭിച്ചതായി കമാന്‍ഡര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും അപകടത്തില്‍പ്പെട്ട വാഹനം ക്രെയ്ന്‍ ഉപയോഗിച്ച് വൈകിട്ട് നാല് മണിയോടെ മാറ്റി. അപകടത്തില്‍ സൈനിക വാഹനം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.
നാല് കേഡറ്റുകളുടെ മരണത്തില്‍ കിംഗ്സ്റ്റണ്‍ മേയര്‍ ബ്രയാന്‍ പാറ്റേഴ്‌സണ്‍ അടക്കം നിരവധിപേര്‍ അനുശോചനം അറിയിച്ചു.