പത്തു വയസ്സുകാരിയുടെ മരണത്തിനു പിന്നിൽ പതിനാലുകാരന്റെ ഭീകരമായ ക്രൂരത

By: 600084 On: Apr 29, 2022, 4:52 PM

News Written by, PP Cherian, Dallas.

വിസ്കോൻസൺ : അമേരിക്കയിലെ വിസ്കോൺസണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരിയുടെ മരണത്തിനു പിന്നിൽ പരിചയക്കാരനായിരുന്ന പതിനാലുകാരൻ കാണിച്ചത് ഭീകരരെപ്പോലും ലജ്ജിക്കുന്ന അതിക്രൂരത. ലില്ലി പീറ്റേഴ്സ് എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്. ചിപ്‌വെ കൗണ്ടിയിലായിരുന്നു ഈ ദാരുണ സംഭവം. വ്യാഴാഴ്ച പുറത്തുവിട്ട  പ്രാഥമിക ഓട്ടോപ്‍സി റിപ്പോർട്ടിലാണു ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു കൊറോണർ ചൂണ്ടിക്കാണിച്ചത്.

സംഭവത്തിൽ അറസ്റ്റിലായ പതിനാലുകാരൻ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷനിബിഡമായ പ്രദേശത്തേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു എന്നു പ്രോസിക്യൂട്ടർ പറഞ്ഞു.

റോഡിലൂടെ അൽപദൂരം നടന്നതിനു ശേഷം കുട്ടിയെ ഒരു വശത്തേക്കു തള്ളി താഴെയിടുകയായിരുന്നു. നിലത്തു വീണ ലില്ലിയുടെ തലയിലും ശരീരത്തിലും മർദിക്കുകയും വയറ്റിൽ കാലുകൊണ്ടു  ചവിട്ടുകയും ചെയ്തു. തുടർന്നാണു ലൈംഗീകമായി പീഡിപ്പിച്ചത്. എന്നിട്ടും ജീവനോടെ വിടുവാൻ തയ്യാറാകാതിരുന്ന ലില്ലിയുടെ കഴുത്തു ഞെരിച്ചാണ് അവസാന ശ്വാസം നിലച്ചതായി ഉറപ്പു വരുത്തിയത്.

പ്രായപൂർത്തിയാകാത്തതിനാൽ പേർ വെളിപ്പെടുത്താത്ത പതിനാലുകാരനെതിരെ മൂന്നു വകുപ്പുകളാണു ചാർജ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി മർഡർ, ഫസ്റ്റ് ഡിഗ്രി സെക്‌ഷ്വൽ അസോൾട്ട്, 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നിവയാണ്. കോടതിയിൽ ഹാജരാക്കിയ കുട്ടിക്ക് ഒരു മില്യൺ ഡോളർ ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയായവർക്കെതിരെ ചാർജ് ചെയ്യപ്പെട്ട കേസിൽ കുട്ടിയെ മേയ് 5ന് വീണ്ടും ഹാജരാക്കും.