ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ താപനില ഉയരുകയാണ്. ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ആഞ്ഞുവീശുകയാണ്. ഡെല്‍ഹിയില്‍ പലയിടത്തും താപനില 45 ഡിഗ്രിയില്‍ കൂടുതലായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന, ഒഡീഷ, രാജസ്ഥാന്‍, ഡെല്‍ഹി എന്നിവടങ്ങളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കേരളത്തില്‍ എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രി സെഷ്യല്‍സിനു മുകളില്‍ ഉയര്‍ന്നു. ഡെല്‍ഹിയില്‍ നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരും. ഇതിനൊപ്പം ഉഷ്ണകാറ്റുകൂടി ആയതോടെ ജനജീവിതം ദുസ്സഹമായി.
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പകല്‍സമയത്ത് ആളുകള്‍ തുറസായ സ്ഥലത്ത് നില്‍ക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് സര്‍ക്കാരുകള്‍ നിര്‍ദേശിച്ചു. മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കി.