വ്യാജ ടാക്‌സി ചാര്‍ജ് അടയ്ക്കാന്‍ ആവശ്യപ്പെട്ട് വ്യാജന്മാര്‍;  ബീസിയില്‍ ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: Apr 29, 2022, 10:35 AM

 

ബീസിയില്‍ ടാക്‌സി ചാര്‍ജ് അടയ്ക്കാന്‍ പണം നല്‍കണമെന്ന് സഹായമഭ്യര്‍ത്ഥിച്ച് ആളുകളെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായി റിച്ച്മണ്ട് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ക്യാബും ഡ്രൈവറും യാത്രക്കാരനുമെല്ലാം വ്യാജമായിരിക്കും. ഇത്തരത്തില്‍ വ്യാജ ക്യാബും, വ്യാജ യാത്രക്കാരനും, വ്യാജ ഡ്രൈവറുമായി ആള്‍മാറാട്ടം നടത്തി അക്കൗണ്ടില്‍ നിന്നും പണം മോഷ്ടിക്കുന്നതായുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ നാല് കേസുകളാണ് ആര്‍സിഎംപി റിപ്പോര്‍ട്ട് ചെയ്തത് എന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് സഹായിക്കാന്‍ സന്മനസ് കാണിച്ച ഏഴ് പേര്‍ക്കും അവരുടെ പണം നഷ്ടമായി. അവര്‍ ചെയ്യാത്ത പര്‍ച്ചേസുകള്‍ക്ക് നൂറുകണക്കിന് ഡോളറാണ് നഷ്ടമായത്. 
തിരക്കേറിയ പാര്‍ക്കിംഗ് ഇടങ്ങളിലുള്ളവരെയാണ് തട്ടിപ്പ് നടത്തുന്നയാള്‍ ലക്ഷ്യമിടുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. 

സഹായിക്കാമെന്ന് ആളുകള്‍ സമ്മതിച്ചുകഴിഞ്ഞാല്‍ കോവിഡ് കാരണം ടാക്‌സി ഡ്രൈവര്‍ നേരിട്ട് പണം വാങ്ങില്ലെന്നും ക്രെഡിറ്റ്കാര്‍ഡുകള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് പറയും. ഇതില്‍ സംശയം തോന്നാത്ത ആളുകള്‍ ഡ്രൈവര്‍ക്ക് പണമടയ്ക്കാന്‍ ഡെബിറ്റ് കാര്‍ഡ് നല്‍കുന്നു. 

തുടര്‍ന്ന് തന്റെ ഇലക്ട്രോണിക് പേയ്‌മെന്റ് മെഷീന്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും കാര്‍ഡ് എടുത്ത് ഇടപാട് നടത്തുന്നതായി നടിക്കുകയും ചെയ്യുന്നു. അവരുടെ പിന്‍ നമ്പര്‍ തിരിച്ചറിഞ്ഞതിനു ശേഷം വ്യാജ കാര്‍ഡ് തിരികെ നല്‍കും. 

ഇരുപത് വയസ് തോന്നിക്കുന്ന മിഡില്‍ ഈസ്‌റ്റേണ്‍ യുവാവാണ് വ്യാജ യാത്രക്കാരനായി നടിക്കുന്നത്. ഇരുപത് വയസ്സുള്ള ദക്ഷിണേഷ്യന്‍ യുവാവാണ് വ്യാജ ഡ്രൈവറായി വേഷം മാറിയെത്തുന്നത്. വെളുത്ത ടൊയോട്ട കാമ്രിയാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഇതിനു മുകളില്‍ വെളുത്ത ടാക്‌സി ചിഹ്നവുമുണ്ട്. 

നഗരത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 604-278-1212 എന്ന നമ്പറില്‍ റിച്ച്മണ്ട് ആര്‍സിഎംപിയുമായി ബന്ധപ്പെടുക.