പത്തനംതിട്ട നിരണത്ത് പകര്‍ച്ചവ്യാധി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇരുപതിനായിരത്തിലധികം താറാവുകളാണ് ചത്തത്. വൈറസ് രോഗബാധ മൂലമുള്ള ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക നിഗമനം.
നിരണം വട്ടടി മേഖലയിലാണ് വൈറസ് രോഗബാധ മൂലം താറാവുകള്‍ കൂട്ടത്തോടെ മരിച്ചത്. നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചന്റെയും താറാവുകള്‍ ആണ് കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ 6000 താറാവില്‍ 4000 താറാവും, തങ്കച്ചന്റെ 7000 താറാവില്‍ 3000 വും കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ ചത്തൊടുങ്ങി.
തങ്കച്ചന്റെ ബാക്കി വന്ന 4000 ഓളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഈസ്റ്റര്‍ മുതലാണ് താറാവുകളില്‍ രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്ന് നല്‍കിയിരുന്നു.