ക്യുബെക്കില്‍ വാള്‍ ഉപയോഗിച്ച് രണ്ട് പേരെ വധിച്ച കേസ്:  സംഭവത്തില്‍ പശ്ചാത്തപിക്കുന്നതായി പ്രതി; മാനസിക വിഭ്രാന്തിയുള്ളയാളെന്ന് അമ്മ

By: 600002 On: Apr 29, 2022, 6:28 AM

 

ക്യുബെക്കില്‍ വാള് ഉപയോഗിച്ച് രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കാള്‍ ജിറൂവാര്‍ഡ്(26) സംഭവത്തില്‍ പശ്ചാത്തപിക്കുന്നതായി അറിയിച്ചതായി റിപ്പോര്‍ട്ട്. 2020 ല്‍ ഹാലോവീന്‍ രാത്രിയില്‍ ക്യുബെക്ക് നഗരത്തില്‍ ജിറൂവാര്‍ഡ് വാള്‍ ഉപയോഗിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയത്. രണ്ടാമത്തെ കൊലപാതകത്തിനു ശേഷം തന്റെ ദൗത്യം എന്തിനായിരുന്നുവെന്ന് പിന്നീട് ചിന്തിച്ചതായി പ്രതി പറയുന്നു. 

2020 ഒക്ടോബര്‍ 31-ന് ഫ്രാങ്കോയിസ് ഡുഷെന്‍ (56), സൂസെയ്ന്‍ ക്ലെര്‍മോണ്ട് (61) എന്നിവരാണ് ജിറൂവാര്‍ഡിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പോലീസ് പിടികൂടിയ പ്രതിക്കെതിരെ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റങ്ങളും അഞ്ചോളം കൊലപാതക ശ്രമങ്ങളും ചുമത്തിയിട്ടുണ്ട്. രണ്ട് പേരെ കൊലപ്പെടുത്തിയതായും മറ്റ് അഞ്ച് പേരെ ആക്രമിച്ചതായും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സംഭവ സമയത്ത് മാനസിക വിഭ്രാന്തിയുള്ളയാളായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചേക്കുമെന്നാണ് സൂചന. 

ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്തുന്നതിലൂടെ അരാജകത്വം സൃഷ്ടിക്കുകയും, ലോകത്തെ മാറ്റിയെടുക്കാനും സമാന ചിന്താഗതിക്കാരായ അളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് 'മിഷന്‍' എന്ന് പേരിട്ട ഈ കുറ്റകൃത്യങ്ങള്‍ ചെയ്തത് എന്നാണ് പോലീസില്‍ പ്രതി സാക്ഷ്യപ്പെടുത്തിയത്. 18-ാം വയസ് മുതല്‍ കൊലപാതകം നടത്തണമെന്ന ദൗത്യം മനസ്സിലുണ്ടായിരുന്നുവെന്നും അതിന്റെ അവസാനം തന്റെ ജീവന്‍ ബലിയര്‍പ്പിക്കാനാണ് ആഗ്രഹിച്ചതെന്നും കോടതിയില്‍ കുറ്റസമ്മത മൊഴിയില്‍ പ്രതി പറയുന്നു. 

ക്ലര്‍മോണ്ടിന്റെ കൊലപാതകത്തിന് ശേഷം, തന്റെ പ്രവര്‍ത്തനങ്ങളെ താന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്ന് പ്രതി പറഞ്ഞു. പിന്നീട് ചിന്തകള്‍ക്ക് ശേഷം എന്റ്‌തോ മറ്റാരെങ്കിലുടേയോ മരണം കൂടി ഉണ്ടാകരുതെന്ന് താന്‍ തീരുമാനിച്ചിരുന്നതായും കോടതിയില്‍ പ്രതി പറഞ്ഞു. 

നീണ്ടകാലമായി ജിറൂവാര്‍ഡ് മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നതായി അമ്മ മോണിക് ഡാല്‍ഫോണ്ട് കോടതിയില്‍ പറഞ്ഞു. എലമെന്ററി സ്‌കൂള്‍ മുതല്‍ തുടങ്ങിയ അപൂര്‍വ്വമായ പെരുമാറ്റത്തിന് ഉടമയായ പ്രതി ചൈല്‍ഡ് സൈക്കോളജിസ്റ്റിനു കീഴില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നുവെന്നും അമ്മ വ്യക്തമാക്കി.