അമേരിക്ക കോവിഡ് 19 മഹാമാരിയിൽ നിന്നും മോചിതമായെന്ന് ഫൗച്ചി

By: 600084 On: Apr 28, 2022, 4:34 PM

വാഷിങ്ടൺ ഡിസി : കോവിഡ് 19 മഹാമാരിയിൽ നിന്നും അമേരിക്ക മോചിതമായെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കൽ ഓഫീസറും നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് അലർജി ആൻഡ് ഇൻഫേഷ്യസ്‌ ഡിസീസ് ഡയറക്ടറുമായ ആന്റണി ഫൗച്ചി പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി ആശുപത്രിയിൽ അഭയം തേടുകയും പതിനായിരങ്ങൾ മരിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ നിന്നും അമേരിക്ക പൂർണ്ണമായും മാറിയെന്നും അഭിമുഖത്തിൽ ഫൗച്ചി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ടു മാസമായി കോവിഡ് കേസുകൾ തീരെ പരിമിതമായിരിക്കുകയാണെന്നും ഒമിക്രോൺ കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഫൗച്ചി ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കൂടുതൽ ആളുകൾ വാക്സിനേഷൻ സ്വീകരിക്കണം എന്നും  ഫൗച്ചി അഭ്യർഥിച്ചു. ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അമേരിക്കൻ ജനതയുടെ നല്ലൊരു ശതമാനത്തിനും ഇതിനകം കൊറോണ വൈറസ് വന്നിട്ടുണ്ടാകണമെന്നും അവരുടെ രക്തത്തിൽ ആന്റി ബോഡീസ് ഉൽപ്പാദിപ്പിക്കപ്പെട്ടുണ്ടെന്നും ഫൗച്ചി പറഞ്ഞു. എന്നാൽ ഇത് ദീർഘകാലത്തേക്ക് നിലനിൽക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ടു തന്നെ ജനങ്ങൾ വളരെ ജാഗ്രത പുലർത്തണമെന്നും കഴിവതും കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വയം  സ്വീകരിക്കണമെന്നും ഫൗച്ചി നിർദ്ദേശിച്ചു.

ഭാവിയിൽ കൊറോണ വൈറസിനെക്കാളും മാരകമായ വൈറസുകൾ പ്രത്യക്ഷപ്പെട്ടുകൂടെ എന്ന് ചിന്തിക്കുന്നത് ഉചിതമാണെന്നും ഫൗച്ചി മുന്നറിയിപ്പ് നൽകി.