ലോകത്തിലെ പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല ഇന്‍കോര്‍പ്പറേഷന്‍. ട്വിറ്റര്‍ വാങ്ങിക്കാനായി അദ്ദേഹം ഓഹരികള്‍ വില്‍ക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കമ്പനിയുടെ ഓഹരികള്‍ 12 ശതമാനം ഇടിഞ്ഞു. ടെസ്ലയുടെ വിപണിമൂല്യം 126 ബില്യണ്‍ യുഎസ് ഡോളറായി കുറയുകയും ചെയ്തു.
ട്വിറ്റര്‍ ഇടപാടില്‍ ടെസ്ല ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഏറ്റെടുക്കലിനുള്ള പണം എവിടെ നിന്നാണ് വരുന്നതെന്ന് പരസ്യമായി വെളിപ്പെടുത്താന്‍ മസ്‌ക് വിസമ്മതിച്ചതിനെത്തുടര്‍ന്ന് അതിന്റെ ഓഹരികള്‍ ഊഹക്കച്ചവടക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ ഇതുവരെ കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.
അതേസമയം, തിങ്കളാഴ്ച ഓരോഹരിക്ക് 54.20 ഡോളറിന് വാങ്ങാമെന്ന് മസ്‌ക് സമ്മതിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച ട്വിറ്ററിന്റെ ഓഹരികളും ഇടിഞ്ഞു. 3.9 ശതമാനം ഇടിഞ്ഞ് ട്വിറ്ററിന്റെ ഓഹരി 49.68 ഡോളറിലെത്തി.