കാന്‍സ് ചലച്ചിത്ര മേളയുടെ ജൂറിയായി ദീപിക പദുക്കോണ്‍

By: 600002 On: Apr 28, 2022, 11:39 AM


75-ാമത് കാന്‍സ് ചലച്ചിത്ര മേളയുടെ ജൂറിയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതി ലഭിക്കുക. 
2015ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലിന്‍ഡനാണ് 'പാം ഡി ഓര്‍' ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തില്‍ അധ്യക്ഷനായത്. 

മെയ് 17 മുതല്‍ മെയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുമ്പ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.