കാല്‍ഗരിയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കി വില്‍പ്പനയ്ക്ക്

By: 600002 On: Apr 28, 2022, 11:24 AM

 

കാല്‍ഗരിയില്‍ 80 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വമായ സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കി ഗ്ലെന്‍ലിവെറ്റ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് കെന്‍സിംഗ്ടണ്‍ വൈന്‍ മാര്‍ക്കറ്റ് അധികൃതര്‍. സ്‌കോച്ച് വിസ്‌കികളോട് പ്രിയമുള്ള ഏതൊരാള്‍ക്കും ഈ വിസ്‌കി വാങ്ങിക്കാനെത്താം. എന്നാല്‍ കയ്യില്‍ 140,000 ഡോളര്‍ കരുതണമെന്ന് മാത്രം. ബുധനാഴ്ച മുതല്‍ തങ്ങളുടെ മാര്‍ക്കറ്റില്‍ വിസ്‌കി വില്‍പ്പനയ്ക്ക് ലഭ്യമാകുമെന്ന് കെന്‍സിംഗ്ടണ്‍ വൈന്‍ മാര്‍ക്കറ്റ് അധികൃതര്‍ അറിയിച്ചു. 

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഗോര്‍ഡനും മാക്‌ഫെയിലും വാറ്റിയെടുത്ത ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കിയാണ് ഗ്ലെന്‍ലിവെറ്റ്. ലോകത്ത് ഇതിന്റെ ആകെ 250 കുപ്പികള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അദ്യത്തേത് ഹോങ്കോങില്‍ കാല്‍ ദശലക്ഷം ഡോളറിന് വിറ്റു. ഇതില്‍ രണ്ട് കുപ്പികള്‍ മാത്രമാണ് കാല്‍ഗരിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതിന് ഓരോന്നിനും 140,000 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്.