വ്യാജ ചികിത്സ തടയാന്‍ കേരള സര്‍ക്കാരിന്റെ ആപ്പ്; ആധികാരിക വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കും

By: 600002 On: Apr 28, 2022, 10:37 AM

 

സമൂഹമാധ്യമങ്ങള്‍ വഴി നിരവധി വ്യാജ ആരോഗ്യ സംരക്ഷണ ചികിത്സാ വിവരങ്ങളാണ് ദിനംപ്രതി പ്രചരിക്കുന്നത്. ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങള്‍ ആളുകളെ തെറ്റായ ചികിത്സാ രീതിയിലേക്കും നയിക്കും. ഇപ്പോഴിതാ ഇത്തരം തെറ്റായ വിവരങ്ങള്‍ തിരുത്താനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ആധികാരിക ആരോഗ്യ വിവരങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ആപ്പ് അവതരിപ്പിക്കുകയാണ്. 

രോഗലക്ഷണങ്ങള്‍, ചികിത്സാ മാര്‍ഗം, ചികിത്സ കിട്ടുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ സമഗ്ര വിവരങ്ങളും ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്ന ചാറ്റ് ബോക്‌സുമുള്ള 'സിറ്റിസണ്‍' ആപ്പ് (Citizen App) ആരോഗ്യവകുപ്പ് ഉടന്‍ പുറത്തിറക്കും. ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങള്‍ ലഭിക്കും. സ്റ്റാര്‍ട്ട് അപ് സംഘമാണ് ആപ്പ് തയാറാക്കുന്നത്. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുന്നത്.

ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള 'ശൈലി' ആപ്പും നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ടിന്റെയും ഉദ്ഘാടനം അടുത്ത മാസം 17ന് മുഖ്യമന്ത്രി നിര്‍വഹിക്കും.