യുഎസ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന് മോഡേണ മോണ്ട്രിയാലില് വാക്സിന് ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ ഇതാദ്യമായാണ് കമ്പനി പ്രൊഡക്ഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫെസിലിറ്റി തുടങ്ങുന്നത്. കോവിഡ് പ്രതിരോധ വാക്സിന് ഉല്‍പ്പാദന മേഖലയില്‍ പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് മോഡേണ.
യുഎസിന് പുറത്ത് കമ്പനിയുടെ ആദ്യ ഫെസിലിറ്റിയാണ് മോണ്ട്രിയാലിലേത്. 2024 ല്‍ പുതിയ ഫെസിലിറ്റി പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി വക്താവ് അറിയിക്കുന്നു. 200 നും 300 നും ഇടയില്‍ തൊഴിലവസരങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. വെള്ളിയാഴ്ച പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗോള്ട്ടും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കും.
കമ്പനിയുടെ ദശലക്ഷകണക്കിന് ഡോളര്‍ നിക്ഷേപത്തിന്റെ പ്രധാന ഗുണഭോക്താവ് മോണ്ട്രിയാല് മേഖല തന്നെയായിരിക്കുമെന്നാണ് സൂചന. കാനഡയില്‍ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. മോണ്‍ട്രിയലും ടൊറന്റോയുമായിരുന്നു കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നത്.
വരാനിരിക്കുന്ന മോഡേണ ഫെസിലിറ്റി എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മ്മിക്കുകയും പുതിയവ ഗവേഷണം ചെയ്യുകയും ചെയ്യും. ഇത് ഭാവിയിലെ ആരോഗ്യ അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
കനേഡിയന്‍ വാക്സിന് ഉല്‍പ്പാദന ശൃംഖലയിലേക്ക് സംഭാവന നല്‍കുന്നതിനായി കമ്പനി പ്രതിവര്‍ഷം കുറഞ്ഞത് 30 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയ മോഡേണയുമായുള്ള ഫെഡറല്‍ ഗവണ്മെന്റിന്റെ ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നു.