ഒന്റാരിയോയില്‍ ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം 1,734 പേര് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ നേരിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച 1,730 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ച് 22 മരണങ്ങളാണ് പ്രവിശ്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 225 രോഗികള്‍ വാക്സിന് എടുക്കാത്തവരാണ്. 1,076 പേര് പൂര്‍ണമായി വാക്സിനേഷന് സ്വീകരിച്ചവരുമാണ്. ശേഷിക്കുന്ന രോഗികളുടെ വാക്സിനേഷന് നില വ്യക്തമല്ല.
ആശുപത്രിയിലെത്തിയ 45 ശതമാനം രോഗികള്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് എത്തിവരാണ്. എന്നാല്‍ ബാക്കി 55 ശതമാനം പേര് മറ്റ് അസുഖങ്ങളുമായി വന്ന് ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്ക് ശേഷം പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്. ഇത്തരത്തില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചവര്‍ യഥാക്രമം 66 ശതമാനവും 34 ശതമാനവുമാണ്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളില്‍ 29 പേര് വാക്സിന് സ്വീകരിക്കാത്തവരാണ്. 112 പേര് വാക്സിനേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കോവിഡ് ആരംഭിച്ചത് മുതല്‍ ഇതുവരെ പ്രവിശ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,772 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,230 പരിശോധനകളാണ് നടത്തിയത്. ഇതോടെ പ്രവിശ്യയിലെ പോസിറ്റിവിറ്റി നിരക്ക് ഏകദേശം 15 ശതമാനമായെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.