കാനഡയിലെ ട്രാന്‍സ്ജെന്‍ഡര്‍ ജനസംഖ്യയെ കുറിച്ചുള്ള അഭൂതപൂര്‍വമായ ചിത്രമാണ് ബുധനാഴ്ച പുറത്തുവിട്ട സെന്‍സസ് ഡാറ്റയിലുള്ളത്. കാനഡയിലുള്ള 0.33 ശതമാനം പേര് ജനന സമയത്തുള്ളതില്‍ നിന്ന് വ്യത്യസ്തമായി തങ്ങള്‍ മറ്റൊരു ലിംഗഭേദത്തില്പ്പെടുന്നവരാണെന്ന് തിരിച്ചറിഞ്ഞവരാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഡാറ്റയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കണക്കെടുപ്പില്‍ 100,815 പേര് ട്രാന്‍സ്ജെന്‍ഡറോ നോണ്‍-ബൈനറി വിഭാഗത്തിലോ പെടുന്നവരാണ്. ഇവരില്‍ 31,555 ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളും(transgender women), 27,905 ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്മാരും(transgender men), 41,355 പേര് നോണ്‍-ബൈനറിയിലും(non-binary) ഉള്‍പ്പെടുന്നു.
കാനഡയില്‍ ഇതാദ്യമായാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ സെന്‍സെക്സില്‍ ജനനസമയത്തെ ലിംഗ ഭേദം( sex at birth) , ജെന്‍ഡര്‍ എന്നിവ തമ്മില്‍ വേര്‍തിരിച്ച് കണക്കെടുപ്പ് നടത്തുന്നത്. പുറത്തുവന്നിരിക്കുന്ന സംഖ്യകള്‍ ജനസംഖ്യയുടെ യഥാര്‍ത്ഥ വലുപ്പത്തെ കുറച്ചുകാണാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സിയും മറ്റ് അഡ്വക്കേറ്റുകളും സമ്മതിക്കുന്നുണ്ടെങ്കിലും, പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെക്കുറിച്ച് ഡാറ്റ നിര്‍ണായക ഉള്‍ക്കാഴ്ച നല്‍കുമെന്ന് അവര്‍ പറയുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതത്തെയും അനുഭവങ്ങളെയും സംബന്ധിച്ച് ബാക്കപ്പ് ചെയ്യുന്ന ജനസംഖ്യാ തലത്തിലുള്ള ഡാറ്റ ഇതുവരെ ചെറുതാണെന്നും അതിനാല്‍ ഈ പുതിയ വിവരങ്ങള്‍ പ്രതീകാത്മകമായും പ്രായോഗികമായും പ്രാധാന്യമര്‍ഹിക്കുന്നതായി ട്രാന്‍സ്ജെന്‍ഡര്‍ അഡ്വക്കേറ്റ് ഫെ ജോണ്‍സ്റ്റണ്‍ പറയുന്നു.
മുന്‍ സെന്സസുകളില് ലിംഗഭേദത്തെക്കുറിച്ച്(sex) മാത്രമാണ് ചോദിച്ചിരുന്നുള്ളൂ. പിന്നീട് 2021 ല്‍ സെക്സ് അറ്റ് ബെര്‍ത്ത്, ജെന്‍ഡര്‍ എന്നിവയെക്കുറിച്ച് ചോദിച്ച് തുടങ്ങി. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ സ്വഭാവസവിശേഷതകളാല്‍ നിര്‍ണയിക്കപ്പെടുന്നതാണ് സെക്സ് അറ്റ് ബെര്‍ത്ത്. 'ജെന്‍ഡര്‍' എന്ന് ചോദിക്കുന്നിടത്ത് ആണ് അല്ലെങ്കില്‍ പെണ്ണ് എന്ന് തെരഞ്ഞെടുക്കാം. അതുമല്ലെങ്കില്‍ മൂന്നാമത്തെ ഓപ്ഷന് തെരഞ്ഞെടുക്കാം.
2017 ല്‍ കനേഡിയന്‍ ഹ്യുമന്‍ റൈറ്റ്സ് ആക്റ്റിന് കീഴില്‍ വിവേചനത്തിനുള്ള നിരോധിത കാരണങ്ങളുടെ പട്ടികയില്‍ ലിംഗ സ്വത്വവും ആവിഷ്കാരവും സര്‍ക്കാര്‍ ചേര്‍ത്തു. കൂടാതെ അതേ ഗ്രൂപ്പുകളെ 'ഐഡന്റിഫൈയബിള് ഗ്രൂപ്പു'കളുടെ പട്ടികയില്‍ ചേര്‍ത്ത് ക്രിമിനല്‍ കോഡ് ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമങ്ങളും, വിദ്വേഷ കുറ്റകൃത്യങ്ങളും ക്രിമിനല്‍ കോഡിന്റെ കീഴില്‍ വരുന്നതാണ്.
ഒരു വ്യക്തിക്ക് ജനനസമയത്ത് നിര്‍ണയിക്കുന്ന ലിംഗം ജെന്‍ഡറിനോട് തുല്യമല്ലെന്ന് അംഗീകരിക്കുന്നതിലൂടെ സെന്‍സസ് വിശാലമായ സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നോണ്‍-ബൈനറി സാഹിത്യകാരനും പ്രവര്‍ത്തകനുമായ ഗെമ്മ ഹിക്കി പറയുന്നു. കാനഡയില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിയാണ് ഹിക്കി.
സെന്‍സസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ https://www150.statcan.gc.ca/n1/daily-quotidien/220427/dq220427a-eng.htm?HPA=1 വെബ്പേജ് സന്ദര്‍ശിക്കുക.