സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ട്വിറ്ററിനെ സ്വന്തമാക്കിയ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഇനി തന്റെ അടുത്ത ലക്ഷ്യം അമേരിക്കന്‍ കമ്പനിയായ കൊക്കകോളയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 'അടുത്തതായി താന്‍ കൊക്കക്കോള വാങ്ങാന്‍ ആഗ്രഹിക്കുന്നു' എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. മസ്‌കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഈ ട്വീറ്റ് 1,45,000-ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു കൂടാതെ ആയിരക്കണക്കിന് കമന്റുകളും നിറയുന്നുണ്ട്.
അതേസമയം, മസ്‌ക് കാര്യഗൗരവത്തിലാണോ ഈ ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്. കാരണം മുന്‍പ് 'ഞാന്‍ മക്ഡൊണാള്‍ഡ് (McDonald's) വാങ്ങി ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കാന്‍ പോകുന്നു' എന്നൊരു ട്വീറ്റ് മസ്‌ക് പങ്കുവെച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് 'എനിക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയില്ല' എന്ന് മസ്‌ക് പറഞ്ഞു.
പക്ഷേ മസ്‌കിന്റെ ഈ ട്വീറ്റിനെ നിസാരമായി തള്ളിക്കളയാനും കഴിയില്ല. കാരണം ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുമ്പുള്ള ആഴ്ചകളില്‍ മസ്‌ക് ഈ രീതിയില്‍ പ്ലാറ്റ്ഫോം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്ന ആശയങ്ങളുടെ ഒരു പരമ്പര അവതരിപ്പിക്കുകയും അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 44 ബില്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്.