ബീസിയില്‍ രണ്ട് ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: കര്‍ഷകര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങി 

By: 600002 On: Apr 28, 2022, 6:20 AM

 

പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ബീസിയിലെ കോഴി ഫാം ഉടമസ്ഥര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങി. നിലവില്‍ പ്രവിശ്യയില്‍ രണ്ട് ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ പക്ഷിപ്പനി വരുത്തിവെച്ച നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ പ്രാദേശിക ഫാം വ്യവസായ മേഖല ബയോ സെക്യൂരിറ്റി നടപടികളും വേഗത്തിലാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം രാജ്യത്തുടനീളം വ്യാപകമായ പക്ഷിപ്പനിയെ തുടര്‍ന്ന് ലക്ഷകണക്കിന് കോഴികളെയും താറാവുകളെയുമാണ് കൊന്നൊടുക്കിയത്. 

പ്രവിശ്യയിലെ കോഴി കര്‍ഷകര്‍ കഴിഞ്ഞ മഞ്ഞുവീഴ്ച സമയത്ത് വെള്ളപ്പൊക്കമുണ്ടായതിന്റെ പ്രതിസന്ധികളില്‍ നിന്നും മെല്ലെ കരകയറുന്നതേ ഉള്ളൂ. ഈ സാഹചര്യത്തിലാണ് പക്ഷിപ്പനി എന്ന മറ്റൊരു വെല്ലുവിളി അവര്‍ നേരിടേണ്ടി വരുന്നത്. മുന്‍കാലങ്ങളില്‍ ഫാമുകളില്‍ വിനാശകരമായ സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കിയത്. 

ബീസിയില്‍ ബയോസെക്യൂരിറ്റി പ്രോഗ്രാമിന് മൂന്ന് തലങ്ങളുണ്ടെന്നും അടുത്തിടെ അത് ഏറ്റവും ഉയര്‍ന്ന തലമായ ചുവപ്പിലേക്ക് നീങ്ങിയെന്നും ബീസി പൗള്‍ട്രി അസോസിയേഷന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അമാന്‍ഡ ബ്രിട്ടെയ്ന്‍ പറഞ്ഞു. 

ഏപ്രില്‍ 25 വരെ നടത്തിയ പരിശോധനയില്‍ വടക്കന്‍ ഒക്കനാഗിലെ ഒരു കോഴി ഫാമിലും കെലോനയില്‍ വീടുകളില്‍ വളര്‍ത്തിയിരുന്ന കോഴികളിലും H5N1  വൈറസ് ബാധ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മെട്രോ വാന്‍കുവറില്‍ രണ്ട് കഴുകന്മാരിലും പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തി. 

ഏറ്റവും ഒടുവില്‍ വൈറസ് ബാധ കണ്ടെത്തിയ ഫാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. മറ്റ് കോഴികളിലേക്ക് പടരാതിരിക്കാന്‍ രോഗം ബാധിച്ച കോഴികളെ ഉടന്‍ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നും ഏജന്‍സി വ്യക്തമാക്കി.