കാനഡയില്‍ പലരും അധിക വരുമാനത്തിനോ അല്ലെങ്കില്‍ ജീവിത ചിലവ് കണ്ടെത്തുന്നതില്‍ തങ്ങളുടെ വാഹനങ്ങള്‍ ഫുഡ് ഡെലിവറി പോലുള്ള പാര്‍ട്ട് ടൈം ഗിഗ് ജോലികള്‍ക്കായി പലരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഫുഡ് ഡെലിവറിയ്ക്കായി വാഹനം ഉപയോഗിക്കാറുണ്ട് എന്ന പേരില്‍ മില്‍ട്ടണ്‍ ഒന്റാരിയോയില്‍ താമസിക്കുന്ന രഞ്ജന്‍ യാദവ് വണ്ണാരത്ത് എന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയുടെ കാറില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്നുള്ള 15000 ഡോളര്‍
ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചിരിക്കുകയാണ്. എന്നാല്‍ ഈ വര്‍ഷമാദ്യം അപകടമുണ്ടായ സമയത്ത് താന്‍ ഫുഡ് ഡെലിവറി ചെയ്യുകയല്ലായിരുന്നുവെന്ന് രഞ്ജന്‍ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.
2015-ലാണ് രഞ്ജന്‍ ഹോണ്ട അക്കോര്‍ഡ് വാങ്ങിയത്. 2021 ഒക്ടോബറില്‍ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ആയി സ്കിപ്പ് ദി ഡിഷസ് ഫുഡ് ഡെലിവറി ചെയ്യുവാന്‍ തുടങ്ങിയത്. 2022 ജനുവരിയില്‍, രഞ്ജന്‍ വീട്ടിലേയ്ക്ക് പോകുന്ന വഴി ഡോണ്‍ വാലി പാര്‍ക്ക്വേയില്‍ വച്ച് എതിര് ദിശയില്‍ വന്ന ഒരു മോഷ്ടിച്ച വാഹനം ഇയാളുടെ കാറില്‍ ഇടിക്കുകയും ഇടിച്ച വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയും ചെയ്തു.
ഇയാള്‍ പോലീസിനെ വിളിക്കുകയും അപകട വിവരം ഇന്‍ഷുറന്‍സ് കമ്പനിയായ കോ-ഓപ്പറേറ്റേഴ്സിനെ അറിയിക്കുകയും ചെയ്തിരുന്നു. തന്റെ കാര്‍ എപ്പോഴെങ്കിലും വരുമാനമുണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുണ്ടോ കോ-ഓപ്പറേറ്റേഴ്സ് ഇന്‍ഷുറന്‍സ് കമ്പനി ചോദിച്ചിരുന്നതായും പാര്‍ട്ട് ടൈം ഉപയോഗിക്കാറുണ്ടെന്ന് രഞ്ജന്‍ പറഞ്ഞിരുന്നു.
ഫുഡ് ഡെലിവെറിക്കായി വാഹനം ഉപയോഗിക്കുമ്പോള്‍ വാഹനം ബിസിനസ്സ് ഉപയോഗത്തിന് ആണ് ഉപയോഗിക്കുകയെന്നതാണ് പരിഗണിക്കുകയെന്ന് ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ (ഐബിസി) പറഞ്ഞു.
ഫുഡ് ഡെലിവറി ചെയ്യുമ്പോള്‍ ചുരുക്കം ഡെലിവറി കമ്പനികള്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടെന്നും എന്നാല്‍ മറ്റുള്ളവ നല്‍കുന്നില്ലെന്നും ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ അറിയിച്ചു.