കാനഡയില്‍ പുതിയ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ 25 പ്രതികള്‍; 12 പേര്‍ക്കും ടൊറന്റോ നഗരവുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട്

By: 600002 On: Apr 27, 2022, 11:00 AM

 

കാനഡയിലെ പുതുതായി പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെ(മോസ്റ്റ് വാണ്ടഡ് ലിസ്റ്റ്) പട്ടികയില്‍ 25 പ്രതികളില്‍ 12 പേര്‍ക്കും ടൊറന്റോ നഗരവുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ബോലോ പ്രോഗ്രാം എന്ന പേരില്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടിക രാജ്യത്ത് തയാറാക്കുന്നത്. കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയവ നടത്തി പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്ന 25 ഓളം പ്രതികളുടെ പട്ടികയാണ് താറിക്കിയിട്ടുള്ളത്. ഇതില്‍ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലമായ 250,000 ഡോളര്‍ വാഗ്ദാനം ചെയ്ത വെടിവെപ്പ് കേസിലെ പ്രതിയും ഉള്‍പ്പെടുന്നു. 

കഴിഞ്ഞ വര്‍ഷം സ്‌കാര്‍ബറോ ബോസ്റ്റണ്‍ പിസയുടെ പാര്‍ക്കിംഗ് സ്ഥലത്ത് 43 കാരനായ ക്രെയ്ഗ് മക്ഡൊണാള്‍ഡിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി അബിലാസിസ് മുഹമ്മദ് (32) ആണ് പട്ടികയിലെ ഒന്നാം നമ്പര്‍ പ്രതി. 
നരഹത്യയുടെ സാഹചര്യം കണക്കിലെടുത്താണ് മുഹമ്മദിനെ പ്രധാന പ്രതിയായി തിരഞ്ഞെടുത്തതെന്ന് ബോലോ പ്രോഗ്രാം ഡയറക്ടര്‍ മാക്‌സ് ലാംഗ്ലോയിസ് പറയുന്നു. മുഹമ്മദിന്റെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 
250,000 ഡോളറാണ് ബോലോ വാഗ്ദാനം ചെയ്യുന്നത്. റിവാര്‍ഡ് തുക ഒക്ടോബര്‍ 26-ന് ക്ലെയിം ചെയ്തില്ലെങ്കില്‍ കാലഹരണപ്പെടും.

മുഹമ്മദ് ജിടിഎയില്‍ എവിടെയോ ഒളിച്ചിരിക്കുകയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ടൊറന്റോ പോലീസ് മേധാവി ജിം രാമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംശയിക്കപ്പെടുന്ന ഓരോ പ്രതികളുടെയും ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും ബോലോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും. മറ്റ് പ്രതികള്‍ക്കുള്ള പ്രതിഫലം 100,000 ഡോളര്‍ വരെയാണ്. പട്ടികയിലുള്ളവര്‍ അറസ്റ്റിലാകുന്ന മുറയ്ക്ക് പുതിയ പ്രതികളുടെ പേരുകള്‍ ചേര്‍ക്കപ്പെടുമെന്ന് അധികൃതര്‍ പറയുന്നു.