''വീട്ടില്‍ അതിക്രമിച്ച് കയറുന്നവരെ വെടിവെക്കൂ'': ജനങ്ങള്‍ക്ക് ഫ്‌ളോറിഡ ഷെരീഫിന്റെ നിര്‍ദേശം 

By: 600002 On: Apr 27, 2022, 7:33 AM

 

ആരെങ്കിലും വീട്ടില്‍ മോഷണത്തിനോ ആക്രമിക്കാനോ അതിക്രമിച്ചുകയറിയാല്‍ ഉടന്‍ വെടിവയ്ക്കണമെന്ന് നിര്‍ദേശിച്ച് ഫ്‌ളോറിഡ സാന്റ റോസ കൗണ്ടി ഷെരീഫ് ബോബ് ജോണ്‍സണ്‍. ഫ്‌ളോറിഡയിലെ പാന്‍ഹാന്‍ഡില്‍ പെന്‍സകോളയ്ക്ക് സമീപമുള്ള പേസില്‍ വീടുകളില്‍ അതിക്രമിച്ചു കയറിയ 32 കാരനായ ഒരാളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബോബ് ജോണ്‍സന്റെ ഈ പ്രസ്താവന. 

വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ വെടിവെച്ച വീട്ടുടമസ്ഥനെ ഗണ്‍ സേഫ്റ്റി കോഴ്‌സില്‍ പങ്കെടുക്കാനും ഫ്‌ളോറിഡ ഷെരീഫ് ക്ഷണിച്ചിരുന്നു. 'കൂടുതല്‍ നന്നായി ഷൂട്ട് ചെയ്യാന്‍ പഠിക്കുക' എന്നതായിരുന്നു കോഴ്‌സിലൂടെ നിര്‍ദേശിച്ചത്. 

ഫ്‌ളോറിഡയിലെ ഒന്നിലധികം താമസക്കാര്‍ വീടുകള്‍ അതിക്രമിച്ചുകയറിയതായി പരാതികള്‍ 911 ല്‍ വിളിച്ച് പോലീസിനെ അറിയിച്ചിരുന്നു. ഉടന്‍ പ്രതിയെ പിടികൂടാന്‍ പോലീസ് സ്ഥലം വളയുകയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ജോണ്‍സണ്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ വേലികള്‍ ചാടികടന്ന് വീടുകള്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിക്ക് വെടിയേറ്റത്. ഏത് വീട്ടുടമസ്ഥനാണ് അത് ചെയ്തതെന്ന് വ്യക്തമായില്ല. പിന്നീട് നടന്ന അന്വേഷണത്തില്‍ വെടിയേറ്റ പ്രതിയെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. 

ഈ പശ്ചാത്തലത്തിലാണ് ആരെങ്കിലും വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയാണെങ്കില്‍ വെടിവെച്ചിടാന്‍ ബോബ് ജോണ്‍സണ്‍ നിര്‍ദേശിച്ചത്. കൂടാതെ പൊതുജനങ്ങള്‍ക്കായി എല്ലാ ശനിയാഴ്ചകളിലും ഗണ്‍ സേഫ്റ്റി കോഴ്‌സ് ഷെരീഫിന്റെ ഓഫീസ് സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.