ഒന്റാരിയോയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ഏകദേശം 15 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരിക്കുകയാണ് ഓവര്‍-ദി-കൗണ്ടര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്‍കോര്‍പ്പറേഷന്‍. ഈ നിക്ഷേപത്തെ പിന്തുണയ്ക്കുന്നതായി ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു. ഗ്വാള്‍ഫ് മേഖലയിലെ(Guelph) കമ്പനിയുടെ നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി സഹായിക്കുന്നതിന്റെ ഭാഗമായി 'ഒന്റാരിയോ ടുഗെതര്‍ ഫണ്ട്' വഴി പ്രവിശ്യ 2.5 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നുണ്ട്. വിപുലീകരണം മേഖലയിലെ പ്രാദേശിക തൊഴിലവസരങ്ങളെ പിന്തുണയ്ക്കാന്‍ ഉപകരിക്കും.
ഒന്റാരിയോ ടുഗെതര്‍ ഫണ്ട് വഴി തങ്ങളുടെ സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് നിക്ഷേപം നടത്തുകയും അത് പ്രവിശ്യയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി സാമ്പത്തിക, വികസന, തൊഴില്‍ മന്ത്രി വിക് ഫെഡെലി പറഞ്ഞു.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്‍കോര്‍പ്പറേറ്റ്, ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ ഭാഗമാണ്. ആരോഗ്യ പരിപാലന രംഗത്തെ വിപുലമായ ഉല്‍പ്പന്നങ്ങളുടെ ഗവേഷണത്തിലും വികസനത്തിലും നിര്‍മ്മാണത്തിലും വില്‍പ്പനയിലുമാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്.
ഈ നിക്ഷേപത്തിലൂടെ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുകയും ഓവര്‍-ദി-കൗണ്ടര്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അധിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുകയും ചെയ്യും.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലുള്ള നൂതന പ്രോജക്ടുകളെ പിന്തുണയ്ക്കുന്നത് 2021-22 ല്‍ നവീകരിച്ച ഒന്റാരിയോ ടുഗെതര്‍ ഫണ്ടില്‍ സര്‍ക്കാര്‍ 50 മില്യണ്‍ ഡോളര്‍ അധികമായി നിക്ഷേപിച്ചതിന്റെ ഭാഗമായാണ്.
ബയോ മാനുഫാക്ചറിംഗിന്റെയും ലൈഫ് സയന്‍സസിന്റെയും ആഗോള കേന്ദ്രമാക്കി ഒന്റാരിയോയെ മാറ്റാനുള്ള പദ്ധതിയായ ലൈഫ് സയന്‍സ് സ്ട്രാറ്റജിയുമായി നിക്ഷേപം പങ്കുവയ്ക്കുന്നുണ്ട്.