ഫ്രീഡം കണ്‍വോയ് അവസാനിപ്പിക്കാന്‍ എമര്‍ജന്‍സി ആക്ട്:   ദേശീയ അന്വേഷണം ആരംഭിച്ചു  

By: 600002 On: Apr 26, 2022, 11:44 AM


ഓട്ടവയില്‍ നടന്ന 'ഫ്രീഡം കണ്‍വോയ്' ട്രക്കര്‍ പ്രതിഷേധങ്ങളും ഉപരോധങ്ങളും അവസാനിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് 'എമര്‍ജന്‍സി ആക്ട്' (അടിയന്തരാവസ്ഥ) ഉപയോഗിച്ചത് സംബന്ധിച്ചുള്ള ദേശീയ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യം നേരിടാനായി ഈ നിയമം ഉപയോഗിക്കുന്നതിന് കാരണമായ സാഹചര്യങ്ങളും സ്വീകരിച്ച നടപടികളും പരിശോധിക്കാനുള്ള ഉത്തരവോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദീര്‍ഘകാലമായി ജഡ്ജിയായി സേവനമനുഷ്ഠിച്ച പോള്‍ എസ്. റൗലോയെ സ്വതന്ത്ര 'പബ്ലിക് ഓര്‍ഡര്‍ എമര്‍ജന്‍സി കമ്മീഷന്'(Public Order Emergency Commission) നേതൃത്വം നല്‍കാന്‍ നിയമിച്ചു.

റൂലോ, അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഉള്‍പ്പെടെയുള്ള തന്റെ അന്തിമ റിപ്പോര്‍ട്ട് 2023 ഫെബ്രുവരി 20-നകം ഹൗസ് ഓഫ് കോമണ്‍സിനും സെനറ്റിനും രണ്ട് ഔദ്യോഗിക ഭാഷകളിലായി അവതരിപ്പിക്കണം. 

അന്വേഷണത്തില്‍ കോണ്‍വോയ് പ്രതിഷേധത്തിന്റെ പരിണാമം, സമരത്തിന് ലഭിച്ച ധനസഹായങ്ങള്‍( സ്വദേശ, വിദേശ ഫണ്ടിംഗ്), സോഷ്യല്‍മീഡിയകള്‍ വഴിയും മറ്റും സമരത്തിന്റെ ഭാഗമായി പ്രചരിച്ച തെറ്റായ വിവരങ്ങളുടെ സ്വാധീനം, പോലീസിന്റെയും മറ്റ് പ്രതിരോധ സംവിധാനങ്ങളുടെയും സമരക്കാര്‍ക്കെതിരെയുണ്ടായിരുന്ന പ്രതികരണങ്ങള്‍ തുടങ്ങിയവ അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഫെബ്രുവരിയില്‍ ആരംഭിച്ച ഫ്രീഡം കണ്‍വോയ് പ്രതിഷേധങ്ങളെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ചാണ് ട്രൂഡോ സര്‍ക്കാര്‍ തടഞ്ഞത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കിയതിനുമെതിരെ റോഡില്‍ ട്രക്കുകള്‍ നിരത്തി നടത്തുന്ന സമരപരിപാടികളെ നേരിടാനാണ് ട്രൂഡോ പുതിയരീതി സ്വീകരിച്ചത്. വളരെ വിരളമായി മാത്രമാണ് എമര്‍ജന്‍സി പവര്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. കാനഡയില്‍ താരതമ്യേന സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കെയായിരുന്നു എമര്‍ജന്‍സി പവര്‍ ഉപയോഗിച്ചത്. 

സമരം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ സ്ഥിതിയില്‍ പട്ടാളത്തെ വിന്യസിക്കില്ലെന്നും, എന്നാല്‍ സമരക്കാരെ അറസ്റ്റ് ചെയ്യാനും ട്രക്കുകള്‍ പിടിച്ചെടുക്കാനും സമരത്തിന്റെ ഫണ്ടിങ് നിരോധിക്കാനുമുള്ള അധികാരം കൂടുതലായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും ട്രൂഡോ അറിയിച്ചിരുന്നു. ഓട്ടവയിലെ റോഡുകളിലും കാനഡ-അമേരിക്കന്‍ അതിര്‍ത്തിയിലും സമരക്കാര്‍ തടസം സൃഷ്ടിക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ വാദം.