പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്നതിന് കാനഡയുടെ പ്രധാന പലിശ നിരക്ക് ജൂണില്‍ അര ശതമാനം കൂടി ഉയരുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ സൂചന നല്‍കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആര്‍ബിസി ഗവര്‍ണര്‍ ടിഫ് മക്ലെം ഹൗസ് ഓഫ് കോമണ്‍സിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഹാജരാകും.
രണ്ടാഴ്ച മുമ്പ് കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ ചെറുക്കുവാന്‍ സഹായിക്കുന്നതിനായി ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 1 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2022 മാര്‍ച്ചില്‍ പലിശ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് .5 ശതമാക്കിയിരുന്നു. പണപ്പെരുപ്പത്തെ ചെറുക്കുവാന്‍ ഈ വര്‍ഷം കൂടുതല്‍ നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് കാനഡ നേരത്തെ അറിയിച്ചിട്ടുണ്ട്.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ഊര്‍ജത്തിന്റെയും മറ്റ് ചരക്കുകളുടെയും വില വര്‍ദ്ധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയെ കൂടുതല്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും മക്ലെം പറയുന്നു. എന്നാല്‍ വിലയില്‍ ആഭ്യന്തര സമ്മര്‍ദ്ദവും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.