തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനായി കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം വ്യാപിപ്പിച്ച് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Apr 26, 2022, 9:48 AM

 

തൊഴിലാളികളുടെ കാര്യക്ഷമതയും മികവും നൈപുണ്യവും ഉറപ്പാക്കുന്നതിനായി പരിശീലനപരിപാടിയുമായി ഒന്റാരിയോ സര്‍ക്കാര്‍. 'ബെറ്റര്‍ ജോബ്‌സ്' എന്ന പരിശീലന പദ്ധതിയില്‍ മികച്ച വരുമാനം നേടുന്ന തൊഴിലിനായി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അപേക്ഷിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ഗിഗ് വര്‍ക്കര്‍മാര്‍, അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍, പ്രവിശ്യയില്‍ പുതുതായി വരുന്നവര്‍, സാമൂഹിക സഹായം വാഗ്ദാനം ചെയ്യുന്നവര്‍ എന്നിങ്ങനെ ഏത് മേഖലയില്‍പ്പെട്ടവര്‍ക്കും മികച്ച തൊഴിലവസരങ്ങള്‍ക്കും ജീവിതത്തില്‍ മികച്ച വരുമാനം സമ്പാദിക്കാനും ആവശ്യമായ കഴിവുകള്‍ പഠിക്കാന്‍ പരിശീലന പരിപാടിയില്‍ ചേരാം. 

ഒന്റാരിയോയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള തൊഴിലാളികളുടെ സഹായം ആവശ്യമാണ്. അവര്‍ക്കാകട്ടെ മികച്ച രീതിയിലുള്ള തൊഴിലും നല്ലൊരു വരുമാനവും ആഗ്രഹിക്കുന്നവരായിരിക്കും. ഈയൊരു പശ്ചാത്തലത്തില്‍ പ്രവിശ്യയ്ക്ക് വേണ്ടിയും വ്യക്തികള്‍ക്കുവേണ്ടിയും സഹായകരമാകുന്ന തരത്തിലുള്ള ദൗത്യമാണ് ബെറ്റര്‍ ജോബ്‌സ് കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ലേബര്‍, ട്രെയിനിംഗ് ആന്‍ഡ് സ്‌കില്‍സ് ഡെവലപ്‌മെന്റ് മന്ത്രി മോണ്ടെ മക്‌നോട്ടണ്‍ പറഞ്ഞു. 

ഈ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 28,000 ഡോളര്‍ ട്യൂഷന്‍ ഫീസും മറ്റ് ചെലവുകള്‍ക്കുമായി അനുവദിക്കും. കമ്യൂണിറ്റിയിലെ തൊഴിലുടമകള്‍ക്ക് ആവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കുന്നതിനായി തൊഴിലന്വേഷകരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഹ്രസ്വകാല പരിശീലനം നല്‍കും. നിലവിലെ രണ്ടാം കരിയര്‍ പ്രോഗ്രാം വിപുലീകരിക്കുമ്പോള്‍ കൂടുതല്‍ അപേക്ഷകര്‍ക്ക് അവരുടെ അടിസ്ഥാന ജീവിതച്ചെലവുകള്‍ക്കായുള്ള സാമ്പത്തിക സഹായമായി ആഴ്ചയില്‍ 500 ഡോളര്‍ വരെ അനുവദിക്കും. 
ബെറ്റര്‍ ജോബ്‌സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 
https://www.ontario.ca/page/better-jobs-ontario?utm_campaign=%2Fen%2Frelease%2F1002104%2Fontario-working-for-workers-by-expanding-training-to-more-people&utm_term=public&utm_source=newsroom&utm_medium=email സന്ദര്‍ശിക്കുക.